തിരുവനന്തപുരം : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ പരിഹാസവുമായി എം എം മണി. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് തിരുവഞ്ചൂരിനെ നിറത്തിന്‍റെ പേരില്‍ എം എം മണി പരിഹസിച്ചത്. ശ്രീകൃഷ്‌ണന്‍റെ നിറവും സ്വഭാവവുമാണ് തിരുവഞ്ചൂരിനെന്നായിരുന്നു മണിയുടെ ആരോപണം. അതേസമയം മണി വെളുത്തതായതുകൊണ്ട് മറുപടി പറയുന്നില്ലെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.
തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ലക്ഷക്കണക്കിന് സിപിഎം പ്രവര്‍ത്തകരെ ജയിലിലടച്ച് പീഡിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പൊലീസിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ ധാര്‍മികമായി കഴിയില്ല. രാത്രിക്ക് രാത്രി തന്നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്‌ത ശേഷം തൊടുപുഴയില്‍ വന്ന് കുഴപ്പക്കാരനെ കൈകാര്യം ചെയ്‌തുവെന്ന് പ്രസംഗിക്കുകയാണ് തിരുവഞ്ചൂര്‍ ചെയ്‌തതെന്നും മണി വിമര്‍ശിച്ചു.
ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്നത് ഗറില്ല മോഡല്‍ സമരമാണ്. സമരത്തിന് ആളെ കിട്ടുന്നില്ല. അതുകൊണ്ടാണ് സമര പ്രഹസനം നടത്തുന്നതെന്നും മണി വിമര്‍ശിച്ചു. അതേസമയം തനിക്ക് കറുത്ത നിറമാണെന്ന് പറയുന്ന മണിക്ക് വെളുത്ത നിറമായതുകൊണ്ട് മറുപടി പറയുന്നില്ലെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.
പലപ്പോഴും എം എം മണി നിയമസഭയില്‍ പറയുന്ന വാക്കുകള്‍ കടന്നുപോകുന്നുണ്ട്. ഏഴായിരം പേരെ പാര്‍പ്പിക്കുന്ന ജയിലില്‍ ലക്ഷങ്ങളെ പാര്‍പ്പിച്ചുവെന്ന് പറയുന്നത് വസ്‌തുതാവിരുദ്ധമാണ്. ഇത്തരത്തിലാണ് എസ്.രാജേന്ദ്രനെയും മണി ആക്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നേരത്തെയും നിയമസഭ പ്രസംഗങ്ങളില്‍ എം എം മണി തിരുവഞ്ചൂരിനെ പരിഹസിച്ചിട്ടുണ്ട്. വണ്‍, ടു, ത്രീ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ എം എം മണി അറസ്റ്റിലായ സമയത്ത് തിരുവഞ്ചൂരായിരുന്നു ആഭ്യന്തരമന്ത്രി.