തിരുവനന്തപുരം: വെഞ്ഞാറാമൂട് ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യമുന്നയിച്ചത്. പാർട്ടി നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും സംഭവം നടന്ന സമയത്തെ സി.പി.എം ലോക്കൽ സെക്രട്ടറി ആയിരുന്നയാളാണ് ഇത് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പുനരന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണം. കേസിൽ നിരപരാധികൾ പ്രതികളായിട്ടുണ്ട്. ഇവർക്ക് പകരം യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരിലുണ്ടായ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം കോൺഗ്രസിൻ്റെ തലയിൽ കെട്ടി വയ്ക്കുകയാണുണ്ടായത്.
ALSO READ: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്: തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി അബ്ദുറഹ്‌മാൻ
ഈ സംഭവത്തിൻ്റെ പേരിൽ 168 കോൺഗ്രസ് ഓഫിസുകളാണ് തകർക്കപ്പെട്ടത്. എം.പിയുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് സി.പി.എം പ്രചരിപ്പിച്ചു. ഇ.പി ജയരാജൻ, അടൂർ പ്രകാശ് എം.പിക്കെതിരെ ആരോപണമുന്നയിച്ചു. വിഷയം നിയമസഭയിൽ പോലും കൊണ്ടുവരാൻ അനുവദിക്കാതെ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്‌പീക്കര്‍ വിവേചനപരമായ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും വി.ഡി സതീശൻ ആരോപിച്ചു.