തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികള്‍ക്ക് സഹായം നല്‍കിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടുകൂടി രേഖപ്പെടുത്താനാണ് സാധ്യത.
ഇവരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. നിലവില്‍ ഒമ്പത് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തതമാക്കി. ഉണ്ണി, അന്‍സാര്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. പിടിയിലായവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണ സമയത്ത് മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീന്‍, തിരിച്ചറിഞ്ഞ അന്‍സാര്‍ അക്രമ സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഫോട്ടോയിലൂടെയാണ് അന്‍സറിനെ ഷഹീന്‍ തിരിച്ചറിഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.