തിരുവനന്തപുരം: വെഞ്ഞാറമൂട് പാണയത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെ കണ്ടെത്തി. ഇവരെ പാലോട് വനം മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് തെരച്ചില്‍ നടത്തിയത്.
തിങ്കളാഴ്ച രാവിലെ 10.30 മുതലാണ് കുട്ടികളെ കാണാതായത്. വീട്ടിൽ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളും എടുത്ത് പോയ കുട്ടികളുടെ ബാഗുകൾ ഇന്ന് രാവിലെ പാലോട് വനമേഖലയോട് ചേർന്നുള്ള ഒരു ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. ശേഷം ഇവർ വനത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ നാട്ടുകാർ തെരച്ചിൽ നടത്തി. തുടര്‍ന്നാണ് ഇവരെ കണ്ടെത്തിയത്.
കുട്ടികളെ വീട്ടിലെത്തിച്ചിട്ടുണ്ട്. 11,13, 14 വയസുള്ളവരാണ് ഇവര്‍. ഇതിൽ രണ്ട് പേർ ബന്ധുക്കളാണ്. എന്നാൽ എന്തിനാണ് ഇവര്‍ വീടുവിട്ട് പോയതെന്ന് ഇനിയും വ്യക്തമല്ല. കാണാതായ കുട്ടികളിൽ ഒരാൾ മുൻപും വീടുവിട്ട് പോയിട്ടുണ്ട്.
വെഞ്ഞാറമൂട് പൊലീസിൽ കഴിഞ്ഞ ദിവസം രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു.