തിരുവനന്തപുരം : സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഏടുകളിലൊന്നാണ് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുടെ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം. നീതിമാനും സത്യസന്ധനുമായിരുന്ന അദ്ദേഹത്തിന്‍റെ ധീരതയുടെയും ജീവത്യാഗത്തിൻ്റെയും സ്‌മരണകൾ കേരള ചരിത്രത്തിൻ്റെയും ഭാഗമാണ്. വേലുത്തമ്പിയുടെ ഓർമകളുണർത്തി അദ്ദേഹം സ്ഥാപിച്ച ഒരു ക്ഷേത്രം ഇന്നും തലസ്ഥാന നഗരിയിലുണ്ട്.
തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജങ്ഷനിൽ നിന്ന് മുത്താരമ്മൻ കോവിലിലേക്കുള്ള വഴിയിലാണ് വേലുത്തമ്പി ദളവ സ്ഥാപിച്ച പുത്തൻചന്ത ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരം ഗ്രൂപ്പിന്റെ അധീനതയിലാണ് ക്ഷേത്രം. 2000 രൂപയാണ് അക്കാലത്ത് ക്ഷേത്ര നിർമാണത്തിനായി ചെലവിട്ടത്. ഭരണപരമായ ചുമതലകൾക്കായി തിരുവനന്തപുരത്തെത്തുന്ന വേലുത്തമ്പിക്കും അദ്ദേഹത്തെ കാണാൻ ഇരണിയലിൽ നിന്ന് എത്തിയിരുന്ന അമ്മയ്ക്കും കുളിച്ചുതൊഴാനാണ് ക്ഷേത്രം നിർമിച്ചത്.
ചരിത്രപുരുഷന്റെ ഓർമയുടെ ശേഷിപ്പായി ക്ഷേത്രം ഇന്നും നിലനിൽക്കുന്നു. അതേസമയം ക്ഷേത്രത്തിന്‍റെ പഴമയും പ്രൗഢിയും ചരിത്രത്തിലേക്ക് വഴിതെളിക്കുന്ന ഇവിടുത്തെ ശിലാ ലിഖിതങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.