തിരുവനന്തപുരം : കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയെന്ന് റിപ്പോര്‍ട്ട്. വനം വകുപ്പ് ജില്ല ഓഫിസറാണ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയതായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വന്യമൃഗങ്ങളെ പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, മേലുദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രമാണ് ഉദ്യോഗസ്ഥര്‍ മയക്കുവെടി അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്നും വനം വകുപ്പ് ജില്ല ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വനം വകുപ്പിലെ ഡോക്‌ടറുടെ കൂടി റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും വനം മന്ത്രിയുടെ ഓഫിസില്‍ വനം വകുപ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇതിന് ശേഷമാകും സംഭവത്തില്‍ നടപടി വേണമോ എന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ ഉണ്ടാവുക.
ബുധനാഴ്‌ച രാത്രിയായിരുന്നു കാട്ടാക്കടയിലെ ജനവാസ മേഖലയില്‍ കരടി കിണറ്റില്‍ വീണത്. കാട്ടാക്കട വെള്ളനാട് കണ്ണമ്പള്ളിയിലെ അരുണിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലായിരുന്നു കരടി വീണത്. കരടിയെ രക്ഷിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ ശ്രമം ആരംഭിച്ചിരുന്നു. മയക്കുവെടി വച്ചതിന് ശേഷം വലയും കയറും ഉപയോഗിച്ച് പുറത്തെടുക്കാനായിരുന്നു ശ്രമം. മയക്കുവെടിവയ്ക്കുന്നതിനായി തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി ഡോക്‌ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ സ്ഥലത്തെത്തിയിരുന്നു.
വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കരടിയെ വലയില്‍ കുരുക്കിയ ശേഷമാണ് മയക്കുവെടി വച്ചത്. ശേഷം, വല മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ കരടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇതോടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിണറ്റിലിറങ്ങി കരടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തി.
എന്നാല്‍, കിണറിന് ആഴം കൂടുതലായത് കൊണ്ട് ഈ ശ്രമവും വിഫലമായി. ഇതോടെ കിണറ്റിലെ വെള്ളം വറ്റിച്ച് പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. 50 മിനിറ്റുകൊണ്ടാണ് കിണറ്റിലെ വെള്ളം പൂര്‍ണമായും വറ്റിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി കരടിയെ പുറത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഡോക്‌ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ നടത്തിയ പരിശോധനയില്‍ കരടി ചത്തുവെന്ന് സ്ഥിരീകരിച്ചു. കിണറിന് സമീപമുള്ള കൂട്ടിലുണ്ടായിരുന്ന കോഴികളെ പിടിക്കാനായിരുന്നു കരടി എത്തിയത്. ഇതിനിടെയായിരുന്നു കരടി കിണറ്റില്‍ വീണത്.
കരടി കിണറ്റിൽ വീണ സംഭവം : കഴിഞ്ഞ ദിവസം രാത്രി രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. മൂന്നാമത്തേതിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കോഴി കിണറിന്‍റെ വക്കത്ത് പറന്നുകയറി. തുടർന്ന് കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
Also read : മയക്കുവെടിയേറ്റ് 50 മിനിറ്റ് വെള്ളത്തിനടിയില്‍; വനംവകുപ്പിനെതിരെ ആരോപണം ശക്തം, അന്വേഷിക്കുമെന്ന് മന്ത്രി
ബുധനാഴ്‌ച രാത്രി കിണറ്റിൽ അകപ്പെട്ട കരടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വ്യാഴാഴ്‌ച രാവിലെ മുതലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത്. കരടി കിണറ്റിൽ വീണ് ചത്ത സംഭവം നിർഭാഗ്യകരമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോഎന്നതുൾപ്പടെ ശാസ്‌ത്രീയമായ പരിശോധന നടത്തുമെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.