തിരുവനന്തപുരം: വേളിയിലെ കുതിരകൾ വിശ്രമത്തിലാണ്. ടൂറിസ്റ്റ് വില്ലേജുമായി ചേർന്ന് സന്ദർശകർക്ക് കുതിരസവാരിയൊരുക്കിയിരുന്ന ഉടമകൾ കനത്ത നഷ്‌ടത്തിലും. ലോക്ക്ഡൗണിൽ വേളി ടൂറിസ്റ്റ് വില്ലേജ് അടച്ചിടുകയും സന്ദർശകരില്ലാതാവുകയും ചെയ്‌തതോടെ വരുമാനം നിലച്ചു. കുതിരകളെ തീറ്റിപ്പോറ്റുന്നതിനും ചികിത്സിക്കുന്നതിനും വലിയ തുകയാണ് ഇവർ ചെലവിടുന്നത്.
മൂന്ന് കുതിരകൾ ഉള്ളവർ വരെയുണ്ട് ടൂറിസ്റ്റ് വില്ലേജിൽ. മത്സ്യത്തൊഴിലാളികൾ തന്നെയാണ് കുതിരകളെ പരിപാലിച്ച് സന്ദർശകർക്ക് സവാരിയൊരുക്കിയിരുന്നത്. ലോക്ക്ഡൗണും മത്സ്യ ബന്ധനത്തിനുള്ള നിയന്ത്രണങ്ങളുമൊക്കെ ചേർന്ന് ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിലും കുതിരകളെ ഇവർ പൊന്നുപോലെയാണ് പോറ്റുന്നത്.
കുതിരകളോടുള്ള ഇഷ്‌ടമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്. സാമാന്യം നല്ല കുതിരയ്ക്ക് ഒന്നര ലക്ഷം രൂപ വിലവരുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സീസൺ കാലത്ത് മികച്ച വരുമാനം ലഭിക്കുമെങ്കിലും നിലവിൽ അടച്ചുപൂട്ടപെട്ടതിനാൽ വരുമാനമേതും ലഭിക്കാതായി.
കൊവിഡിൻ്റെ ദുരിതകാലം പിന്നിട്ട് ടൂറിസ്റ്റ് വില്ലേജ് വീണ്ടും സന്ദർശകരെക്കൊണ്ട് നിറയുമെന്ന പ്രതീക്ഷയാണ് കുതിരക്കാർ പങ്കുവയ്ക്കുന്നത്. അതു വരെ തത്കാലം കുതിരകൾ സുഖവാസത്തിലാണ്, ഹാപ്പിയുമാണ്.