തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തെ പ്രകോപിപ്പിച്ച് അക്രമത്തിലേക്ക് എത്തിച്ചതിന്‍റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനു പിന്നിൽ ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. സമരത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയും സഹായമെത്രാനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തത് കേട്ട് കേൾവിയില്ലാത്ത കാര്യം.
ഇത് സമരത്തെ പ്രകോപിപ്പിക്കാൻ മനപ്പൂർവം ചെയ്‌തതാണ്. ഒത്തു തീർപ്പിന് വന്ന പള്ളി കമ്മറ്റിക്കാരെ വരെ അറസ്റ്റ് ചെയ്‌തു. അക്രമം ഉണ്ടാക്കാനും അതിലൂടെ സമരം പൊളിക്കാനുമുള്ള ശ്രമമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തീരദേശവാസികൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ സമാധാനപരമായി ചർച്ചചെയ്യുകയാണ് വേണ്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈഗോ ഇതിന് അനുവദിക്കുന്നില്ല. രാജഭരണമല്ലെന്നും താൻ മഹാരാജാവല്ലെന്നും മുഖ്യമന്ത്രി മനസിലാക്കണം.
വികസനത്തിന്‍റെ ഇരകളാണ് വിഴിഞ്ഞത്തുള്ളവർ. അതു കൊണ്ട് തന്നെ പരിഹാരം കാണാനുള്ള ഉത്തരവാദിത്തം സർക്കാരിനാണെന്നും സതീശൻ പറഞ്ഞു. സമരം കാരണം അദാനിക്കുണ്ടായ 200 കോടിയുടെ നഷ്‌ടം ലത്തീൻ സഭ നൽകണമെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയാണെങ്കിൽ ഇതുവരെ സിപിഎം നടത്തിയ അക്രമ സമരത്തിന്‍റെ നഷ്‌ടം നികത്താൻ എകെജി സെന്‍റർ വിറ്റാലും കഴിയില്ലെന്നും സതീശൻ പറഞ്ഞു.