തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലെന്നും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതിനു പിന്നില്‍ സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇന്‍ചാര്‍ജ് ഭരണമാണ് യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്നത്. ഇത്രയും വിചിത്രമായ കാലഘട്ടം മുന്‍പുണ്ടായിട്ടില്ലെന്നും വിഡി സതീശൻ ആരോപിച്ചു.
എംജി സര്‍വകലാശാല വിസിയുടെ കാലാവധിയും ഉടന്‍ തീരും. 14 ല്‍ 10 യൂണിവേഴ്‌സിറ്റികളിലും ചാന്‍സലർമാരില്ലാത്ത അവസ്ഥയാണ്. സാധാരണ ഗതിയില്‍ വൈസ് ചാന്‍സലര്‍മാരുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുതിയ നിയമനത്തിന് നടപടി ആരംഭിക്കുകയാണ് പതിവ്. എന്നാല്‍ സെര്‍ച്ച് കമ്മറ്റി പോലും രൂപീകരിക്കാന്‍ കഴിയുന്നില്ല. സിപിഎം നിലപാട് കാരണമാണ് അനിശ്ചിതത്വം തുടരുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
66 ഗവണ്‍മെന്‍റ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ 43 പേരുടെ ലിസ്റ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ 10 മാസമായിരിക്കുന്നു. സിപിഎമ്മിന് വേണ്ടപ്പെട്ടവരില്‍ പലരും ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ലിസ്റ്റിൽ അടയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ അനിശ്ചിതത്വം വിദ്യാര്‍ഥികളെ കേരളം വിടാന്‍ പ്രേരിപ്പിക്കുന്നു. ഇന്നത്തെ വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ വളര്‍ച്ചയെ തടസപ്പെടുത്തുന്ന ഗുരുതരമായ സ്ഥിതിയാണിത്. എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയും, സര്‍ക്കാരുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതിക്രമത്തിന് പിന്നിൽ ഗവര്‍ണറും സര്‍ക്കാറും: ഗവര്‍ണര്‍ സര്‍ക്കാരിന് കീഴടങ്ങിയത് കൊണ്ടാണ് ഈ വിഷയത്തില്‍ ഒന്നും മിണ്ടാത്തത്. ഗവര്‍ണറും സര്‍ക്കാറും ഒരുമിച്ച് ചേര്‍ന്ന് നടന്ന അതിക്രമമാണ് സര്‍വകലാശാലകളെ ഈ സ്ഥിതിയില്‍ എത്തിച്ചത്. ഇഷ്‌ടക്കാരെ വയ്‌ക്കാന്‍ കഴിയാത്തതിനാല്‍ വിസിമാരും പ്രിന്‍സിപ്പല്‍മാരും വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. കെടിയു താല്‍ക്കാലിക വിസിയുടെ കാലാവധി ആറുമാസമാണ്. കാലാവധി കഴിഞ്ഞ ശേഷവും നിയമവിരുദ്ധമായി സ്ഥാനത്ത് തുടരുകയാണെന്നും സതീശൻ ആരോപിച്ചു.
എസ്എഫ്ഐയുടെ നാണം കെട്ട പ്രവർത്തനം: കാട്ടാക്കട കോളജില്‍ നടന്നത് വിചിത്രമായ സംഭവമാണ്. നാണംകെട്ട പ്രവര്‍ത്തനമാണിത്. ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന സംഘമായി എസ്‌എഫ്‌ഐ മാറിക്കഴിഞ്ഞു. എസ്‌എഫ്‌ഐയും സിപിഎം നേതൃത്വവും അറിഞ്ഞാണ് ഇത്തരം ഒരു നാണംകെട്ട പണി നടത്തിയത്. ഇങ്ങനെയാണെങ്കില്‍ എംഎല്‍എമാരുടെ പേര് വരെ മാറ്റി നല്‍കാവുന്ന അവസ്ഥയാണ്.
ഏത് സംഘടനയില്‍പ്പെട്ട ആളാണെങ്കിലും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എന്തും ചെയ്യാമെന്ന അഹങ്കാരമാണ് അവർക്കെന്നും വിഡി സതീശൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലാൻ ശ്രമിച്ചു : തിരൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലാനാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ശ്രമിച്ചത്. വാഹനം പ്രവര്‍ത്തകര്‍ക്ക് നേരെ ഓടിച്ചു കയറ്റുകയായിരുന്നു. അഞ്ചുപേര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ പ്രതിഷേധക്കാരെ കൊല്ലും എന്ന സന്ദേശമാണ് നല്‍കുന്നത്. എല്ലാവരെയും കൊല്ലാനായി അത്ര വേഗത്തിലാണ് വാഹനം ഓടിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ കയറ്റിയത്.
വാഹനമോടിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. ആശുപത്രി ആക്രമണം തടയുന്നതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനുള്ള നിയമമാണ് വേണ്ടത്. ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് പര്യാപ്‌തമല്ല. അഞ്ചുവര്‍ഷം വരെ പിന്നീട് ശിക്ഷ ലഭിക്കും എന്ന് പറയുന്നതുകൊണ്ട് കാര്യമില്ല. അറസ്റ്റ് ചെയ്‌താല്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കും എന്ന വകുപ്പ് കൊണ്ട് ഇത് തടയാന്‍ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി നിശബ്‌ദനാണ് : പേടിച്ച് ഓടി ഒളിക്കുന്ന പൊലീസാണ് കേരളത്തിലുള്ളത്. നേരത്തെ ഇക്കാര്യം പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ക്ഷോഭിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ മുഖ്യമന്ത്രിക്കൊന്നും പറയാനില്ല. ഇക്കാര്യം ഹൈക്കോടതി പറഞ്ഞപ്പോള്‍ ജഡ്‌ജിയെ അധിക്ഷേപിക്കുകയാണ് ചെയ്‌തത്.
എ.ഐ കാമറ അഴിമതി ആരോപണം രേഖകളുടെ അടിസ്ഥാനത്തിലാണ്. ഇവിടെയും മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. പൊതുജനങ്ങളോട് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. നിയമപരമായ എല്ലാ വഴിയും തേടുമെന്നും മൗനം കൊണ്ട് ഇത് അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാറിന്‍റെ മുഴുവന്‍ അഴിമതിയും പുറത്തുകൊണ്ടുവരും എല്ലാ വിവരങ്ങളും പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. യുഡിഎഫ് ജനകീയ അടിത്തറ വിപുലമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കക്ഷിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്ന കാര്യം ഒരു ചര്‍ച്ചയില്ലും നടന്നിട്ടില്ല. ആക്കാര്യം സമയമാകുമ്പോള്‍ ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു.