തിരുവനന്തപുരം: പാർട്ടി ഓഫിസുകളിൽ നിന്ന് സിഗരറ്റ് കൂടിൽ അപ്പോയിൻ്റ്‌മെന്‍റ് കൊടുത്തിരുന്ന കഴിഞ്ഞകാലം തിരിച്ചുവരാൻ തങ്ങൾ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലോ രാജ്യത്തിന്‍റെ ചരിത്രത്തിലോ ഒരുകാലത്തും നടത്തിയിട്ടില്ലാത്ത പിൻവാതിൽ നിയമനങ്ങളാണ് കഴിഞ്ഞ ആറ് വർഷക്കാലമായി നടക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. സർക്കാർ നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
പിൻവാതിൽ നിയമനങ്ങളുടെ തോത് തുടർഭരണത്തിൻ്റെ അഹങ്കാരത്തിൽ വർധിച്ചു. ഈ കാലയളവിൽ രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലുള്ള പിൻവാതിൽ നിയമനങ്ങൾ കേരളത്തിൽ നടന്നു. പിഎസ്‌സിയേയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയുമെല്ലാം നോക്കുകുത്തികളാക്കി നിർത്തിയാണ് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സമാന്തരമായ റിക്രൂട്ട്മെന്‍റ് സംഘം കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടും വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുമുള്ള നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടി ഓഫിസിൽ നിന്ന് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനം. നഗരസഭയിലെ നിയമന കത്ത് വിവാദത്തിലും സതീശൻ വിമർശനം ഉന്നയിച്ചു.
നിയമന കത്ത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഇപ്പോൾ എവിടെയെത്തിയെന്ന് അർക്കും അറിയില്ലെന്ന് സതീശൻ പരിഹസിച്ചു. സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനെ ചോദ്യം ചെയ്‌ത് പാർട്ടി ഓഫിസ് റെയ്‌ഡ് ചെയ്‌താണ് കത്ത് കണ്ടുപിടിക്കേണ്ടത്. അതിനുപകരം ക്രൈംബ്രാഞ്ച് ആനാവൂരിന്‍റെ മൊഴിയെടുത്തത് ഫോണിലൂടെയാണ്.
കേരളത്തിലെ ചെറുപ്പക്കാരെ മുഴുവൻ നിരാശരാക്കിക്കൊണ്ടാണ് പാർട്ടി ഓഫിസിലേക്ക് കത്തെഴുതി ആളെ നിയമിക്കുന്നത്. കേരളത്തിലെ എല്ലാ നിയമനങ്ങളും സുതാര്യമാകണം. പാർട്ടി ഓഫിസുകളിൽ നിന്ന് സിഗരറ്റ് കൂടിൽ അപ്പോയിൻ്റ്‌മെന്‍റ് കൊടുത്തിരുന്ന കഴിഞ്ഞ കഴിഞ്ഞകാലം തിരിച്ചുവരാൻ തങ്ങൾ സമ്മതിക്കില്ല. ആ രീതിയുമായി മുന്നോട്ടു പോയാൽ തങ്ങളെ തെരുവിൽ നേരിടേണ്ടിവരുമെന്നും വി ഡി സതീശൻ പറഞ്ഞു.