തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് നടത്തിയ പരസ്യമായ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം. കോടതിയുടെ മേല്‍നോട്ടത്തിലല്ലാതെ അന്വേഷണം നടന്നാല്‍ സിപിഎമ്മും സംഘപരിവാറും വീണ്ടും കേസ് ഒത്തു തീര്‍പ്പാക്കുമെന്നും വിഡി സതീശൻ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതോടെയാണ് വേഗത്തില്‍ കേസന്വേഷണം നിലച്ചത്. ഇതിന് പിന്നില്‍ സി.പി.എമ്മിലും സംഘപരിവാറിലുമുള്ള ഇടനിലക്കാരാണ്. അതുക്കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മുഖ്യമന്ത്രി തത്‌സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം.
സ്വര്‍ണക്കടത്ത് കേസിന്‍റെ ഭാഗമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിരവധി സീറ്റുകളില്‍ സി.പി.എമ്മിന് ബി.ജെ.പിയുടെ സഹായം ഉണ്ടായി. മുഖ്യമന്ത്രി അറിഞ്ഞാണ് ഗുരുതരമായ തട്ടിപ്പുകള്‍ നടന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. വിഷയം രണ്ട് തവണ നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടും അനുമതി നിഷേധിച്ചതിന്‍റെ കാരണം ഇപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ ഈ കേസില്‍ അന്വേഷണം നടത്തിയെ മതിയാകൂവെന്നും മുഖ്യമന്ത്രി ഈ സ്ഥാനത്തിരുന്നാല്‍ നിഷ്‌പക്ഷമായ അന്വേഷണം സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പാര്‍ട്ടി സെക്രട്ടറി മാത്രം മറുപടി പറഞ്ഞാല്‍ മതിയാകില്ലെന്നും മുഖ്യമന്ത്രിയും മറുപടി പറയണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സോളാര്‍ കേസിലെ പ്രതിയില്‍ നിന്ന് പരാതി എഴുതി വാങ്ങി ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെങ്കില്‍ തിരിച്ചും അത് പോലെ അന്വേഷണം നടക്കണം.
ഉമ്മന്‍ചാണ്ടിക്ക് ഒരു നീതി പിണറായി വിജയന് മറ്റൊരു നീതി എന്നത് അംഗീകരിക്കാനാവില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
also read: ജീവന് ഭീഷണി: ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും - സ്വപ്ന സുരേഷ്