തിരുവനന്തപുരം : സംഭരണ തുക യഥാസമയം ലഭ്യമാകാത്തതാണ് സംസ്ഥാനത്തെ നെല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് പണം നല്‍കുന്നതിന് പകരം ബാങ്കുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പാഡി റസീപ്റ്റ് ഷീറ്റാണ് (പി.ആര്‍.എസ്) കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് ബാങ്കുകളില്‍ ഹാജരാക്കുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് പണം നല്‍കും (Paddy Receipt Sheet).
ലോണ്‍ തുകയും നിര്‍ദ്ദിഷ്‌ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് തിരിച്ചടയ്ക്കുന്നത്. എന്നാല്‍ ഇതിന്‍റെ ബാധ്യത കര്‍ഷകന്‍റെ തലയിലാണ്. സര്‍ക്കാര്‍ യഥാസമയം തുക അടയ്ക്കാത്തത് സിബില്‍ സ്‌കോറിനെ ബാധിക്കുകയും ബാങ്കുകളില്‍ നിന്നും വായ്‌പകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്‌തുവെന്നും വിഡി സതീശന്‍ പറഞ്ഞു (VD Satheesan About PRS For Paddy Farmers).
ലോണ്‍ വ്യവസ്ഥയില്‍ ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്‌തി നോട്ടിസ് അയച്ചുതുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്‌ത കുറ്റത്തിന് സിബില്‍ സ്‌കോര്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ കര്‍ഷകരാണ് പ്രതിക്കൂട്ടിലായത്. സര്‍ക്കാരിനെ വിശ്വസിച്ചു എന്നത് മാത്രമാണ് കര്‍ഷകര്‍ ചെയ്‌ത ഒരേയൊരു തെറ്റ്. ഇത് തന്നെയാണ് കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്‌ത പ്രസാദിനും സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി (Issues Of Paddy Farmers In Kerala).
പി.ആര്‍.എസ് സംവിധാനത്തെ കര്‍ഷകര്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പലരും പി.ആര്‍.എസ് സ്വീകരിക്കാന്‍ പോലും തയാറാകുന്നില്ല. പി.ആര്‍.എസ് ഷീറ്റ് നല്‍കുന്നത് കര്‍ഷകര്‍ക്ക് ലോണ്‍ ഉള്ള ബാങ്കുകളിലാണെങ്കില്‍ കുടിശ്ശിക ഈടാക്കിയ ശേഷമുള്ള തുക മാത്രമേ നല്‍കുകയുള്ളൂവെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട് (Farmers Issues In Kerala).
also read: ഉത്തരവാദി ആരെന്ന് കണ്ടെത്തണം, ആത്മഹത്യ ചെയ്‌ത കർഷകന്‍റെ വീട് സന്ദർശിച്ച് ഗവർണർ
സപ്ലൈകോ നെല്ല് സംഭരണത്തിന്‍റെ പേരില്‍ എടുത്തിട്ടുള്ള വായ്‌പകളുടെ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്തതും പ്രതിസന്ധിക്ക് ആക്കം കൂടിയിട്ടുണ്ട്. കര്‍ഷകനെ ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ പാഡി റസീപ്റ്റ് ഷീറ്റ് നിര്‍ത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇനിയും കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിയൊരുക്കാതെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയേ തീരൂവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവം : ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് (നവംബര്‍ 11) ആലപ്പുഴയിലെ തകഴിയില്‍ നെല്‍ കര്‍ഷകനായ പ്രസാദ് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ 20 വര്‍ഷമായി കൃഷി ചെയ്‌തുവരുന്ന പ്രസാദിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. കടബാധ്യതയുണ്ടായിരുന്ന പ്രസാദ് വായ്‌പയ്‌ക്കായി ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പിആര്‍എസ് കുടിശ്ശിക ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ജീവനക്കാര്‍ പ്രസാദിന് വായ്‌പ നിഷേധിച്ചതെന്നാണ് പറയപ്പെടുന്നത്.