തിരുവനന്തപുരം : കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ (Justice S Manikumar) സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ (Human Rights Commission) അധ്യക്ഷനാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശയ്‌ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan). മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്ന സമിതി അംഗം എന്ന നിലയില്‍ മണികുമാറിനെ നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് നേരത്തെ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് നിയമിക്കരുതെന്നാവശ്യപ്പെട്ട് നിയമന അധികാരി കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്‍റെ ഈ നടപടികള്‍ക്കെതിരെ ഈ മാസം 27ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് നിയമനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ എസ്. മണികുമാറിന് കഴിയുമോയെന്ന ആശങ്ക കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന സമിതിയിലും എസ്. മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കുന്നു.
വി ഡി സതീശന്‍റെ നടപടി വിമർശിച്ച് മുഖ്യമന്ത്രി : മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്‍റെ പേര് മാത്രമാണ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. അതേസമയം ജസ്റ്റിസ് മണികുമാറിന്‍റെ നിയമനത്തിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും നിയമനം തടയണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തു നല്‍കുകയും ചെയ്‌ത പ്രതിപക്ഷ നേതാവിന്‍റെ നടപടി ഒരു മുതിര്‍ന്ന രാഷ്‌ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്നായിരുന്നു മന്ത്രിസഭ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം.
അദ്ദേഹത്തിന്‍റെ വിധിയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം മേല്‍ക്കോടതിയില്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മണികുമാറിന്‍റെ കാര്യത്തില്‍ അതുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ചെയ്‌ത കാര്യം ആരും ചെയ്യുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പ്രതിപക്ഷ നേതാവ് മണികുമാറിനെതിരെ രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്.
വിവാദങ്ങൾ നേരിട്ട ജസ്‌റ്റിസ് : ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ ജസ്റ്റിസ് മണികുമാറിന്‍റെ പല പ്രവൃത്തികളും ജുഡീഷ്യറിയുടെ നിഷ്‌പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ അടച്ചിട്ട മുറിയില്‍ ചീഫ് ജസ്റ്റിസ് 40 മിനിട്ടോളം കൂടിക്കാഴ്‌ച നടത്തിയതും വിവാദമായിരുന്നു. പിന്നാലെ ഹൈക്കോടതി പുറപ്പെടുവിച്ച അസാധാരണ പത്രക്കുറിപ്പില്‍, കൂടിക്കാഴ്‌ച നടത്തിയത് മണികുമാറിന്‍റെ വിവാഹത്തിന് ക്ഷണിക്കാനായിരുന്നെന്നായിരുന്നു വിശദീകരണം.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കി അദ്ദേഹത്തിന് കോവളത്ത് വിരുന്നൊരുക്കിയിരുന്നു. ഇതും വിവാദമായി. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ നിര്‍ദേശിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം മുന്നോട്ടു വരുന്നതെന്നതും ശ്രദ്ധേയമാണ്.