തിരുവനന്തപുരം : തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നടന്ന 500 കോടിയുടെ കൊള്ളയില്‍ നിന്ന് ഇഡിയുടെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ സിപിഎം ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെ മാത്രം നടന്ന തട്ടിപ്പല്ല. സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റിയുടേയും സംസ്ഥാന കമ്മിറ്റിയുടേയും അറിവോടെ നടന്ന വെട്ടിപ്പാണ്.
2011 ല്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി ലഭിച്ചതാണ്. പാര്‍ട്ടി ഇക്കാര്യം അന്വേഷിച്ച് ബോധ്യപ്പെട്ടെങ്കിലും കുറ്റക്കാരെ രക്ഷിക്കുന്ന സമീപനമാണ് ഉണ്ടായത്. തൃശൂര്‍ ജില്ലയിലാകമാനം നടന്ന തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. സിപിഎമ്മിന്‍റെ അറിവോടെ ഈ സഹകരണ സംഘങ്ങളിലൂടെ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പുറത്തുവരണം.
ഇതുസംബന്ധിച്ച ഇഡി അന്വേഷണത്തെ ഇപ്പോള്‍ പുച്ഛിക്കുന്ന സിപിഎം നേതാക്കള്‍ മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ഇഡി വിളിപ്പിച്ചപ്പോള്‍ ആഹ്ളാദം പ്രകടിപ്പിച്ചവരാണ്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നറിയാമായിരുന്നിട്ടും ഇതിനെ കോണ്‍ഗ്രസും യുഡിഎഫും എതിര്‍ത്തിട്ടില്ല. കോണ്‍ഗ്രസുകാരുടെ വീട്ടില്‍ ഇഡി കയറിയാല്‍ സന്തോഷവും തങ്ങളുടെ വീട്ടില്‍ കയറുമ്പോള്‍ പ്രശ്‌നവും എന്നതാണ് സിപിഎം നിലപാട്.
ഇഡി ഏതെങ്കിലും കാര്യത്തില്‍ തെറ്റായി നീങ്ങിയാല്‍ അക്കാര്യം യുഡിഎഫ് അപ്പോള്‍ പരിശോധിക്കും. നിരപരാധിയായ ഒരാളെ കുരുക്കണമെന്ന ഉദ്ദേശ്യത്തോടെ ഇഡി നീങ്ങിയാല്‍ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണ തുക നല്‍കുമെന്ന് പുരപ്പുറത്തുകയറി പ്രസംഗിച്ച കൃഷി മന്ത്രിക്ക് നാല് മാസം കഴിഞ്ഞിട്ടും പണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
Also Read : Karuvannur Bank Fraud Case എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല
കർഷകന്‍റെ ആത്മഹത്യ സർക്കാരിനുള്ള മറുപടി : നെല്‍കൃഷി ചെയ്‌ത് കര്‍ഷകര്‍ ഒഡി കാർ വാങ്ങിയെന്ന കൃഷി മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയാണ് ആലപ്പുഴ വണ്ടാനത്ത് നെല്ലിന്‍റെ വില കിട്ടാത്തതിനെ തുടര്‍ന്നുള്ള 88 കാരന്‍റെ ആത്മഹത്യ. പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണന് നേരെ ജാതി വിവേചനമുണ്ടായെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇത് കേരളത്തില്‍ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാകില്ല. ഇതുസംബന്ധിച്ച് മന്ത്രി പരാതി നല്‍കി ഉടനടി കേസെടുക്കുകയാണ് വേണ്ടത്.
ഇന്ത്യ മുന്നണിയില്‍ ചേരില്ലെന്ന സിപിഎം കേരള ഘടകത്തിന്‍റെ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനാണ്. പല കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനായി ബിജെപിയുമായുള്ള ഒത്തുതീർപ്പിന്‍റെ ഭാഗമാണിതെന്നും സതീശന്‍ ആരോപിച്ചു.