തിരുവനന്തപുരം: നീതി നിഷേധിക്കപ്പെട്ടതിന്‍റെ പേരില്‍ കോടതിയെ സമീപിച്ച അതിജീവിതയെ സി.പി.എം നേതാക്കള്‍ വളഞ്ഞാക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച കോടിയേരി ബാലകൃഷ്‌ണന്‍, ഇ.പി ജയരാജന്‍, എം.എം മണി, ആന്‍റണി രാജു എന്നിവര്‍ മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയ്‌ക്കൊപ്പം: തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന കോടിയേരി ബാലകൃഷ്‌ണന്‍റെ വാദം ബാലിശമാണ്. അതിജീവിത കോടതിയെ സമീപിച്ചതുക്കൊണ്ടാണ് ക്രൈംബ്രാഞ്ച് സമയം നീട്ടിചോദിച്ചത്. നിവൃത്തിയില്ലാതെയാണ് അവര്‍ കോടതിയെ സമീപിച്ചത്.
കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി എന്തിന് അതിജീവിതയെ കണ്ടുവെന്ന് കോടിയേരി വ്യക്തമാക്കമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ മുതലെടുപ്പിനും യു.ഡി.എഫില്ല. അതിജീവിത മകളാണ്. യു.ഡി.എഫ് കണ്ണിലെണ്ണയൊഴിച്ച് മകള്‍ക്കൊപ്പമുണ്ടാകുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
പി.സി ജോര്‍ജിന്‍റെ അറസ്റ്റ്: കോടതിയുടെ കൃത്യമായ ഇടപെടലുണ്ടായത് കൊണ്ടാണ് പി.സി ജോര്‍ജിന്‍റെ അറസ്റ്റുണ്ടായത്. പി.സി ജോര്‍ജിനെ പൂക്കളിട്ട് സ്വീകരിക്കാന്‍ സംഘപരിവാറിന് പൊലീസ് സഹായം നല്‍കി. പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തി ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ALSO READ: അതിജീവിത നേരിട്ടെത്തി: ഉറപ്പ് നല്‍കി മുഖ്യമന്ത്രി, 'സര്‍ക്കാര്‍ ഒപ്പമുണ്ട്'
പ്രതിപക്ഷം ശക്തമായ നിലപാടെടുത്ത ശേഷമാണ് കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. മുമ്പ് പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചതും സര്‍ക്കാരിന്‍റെ പിടിപ്പുകേടുക്കൊണ്ടാണ്. തൃക്കാക്കരയില്‍ ആര്‍.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും വോട്ട് ലഭിക്കാനുള്ള വിലപേശലിലായിരുന്നു ഭരണപക്ഷം. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിനുവേണ്ടി വര്‍ഗീയവാദികളുടെ തിണ്ണ നിരങ്ങില്ലെന്നും സതീശന്‍ വ്യക്തമാക്കി.