തിരുവനന്തപുരം: ആറു മാസമായി സാക്ഷരത പ്രേരക്‌മാര്‍ക്ക് മുടങ്ങി കിടക്കുന്ന ഓണറേറിയം അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഓണറേറിയം വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് സാക്ഷരത പ്രേരക്‌മാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം കത്തിലൂടെ വിശദമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പത്തനാപുരത്ത് ഒരു സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്‌തിരുന്നു. സാക്ഷരതാമിഷന്‍ പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരക് മാങ്കോട് കരിശ്ശനംകോട് ബിന്ദുമന്ദിരത്തില്‍ ബിജുമോനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. ബിജുമോന്‍റെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യര്‍ഥിച്ചു.
ഇന്നലെ ബിജുമോന്‍റെ പത്തനാപുരത്തെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. 83 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ബിജു ആത്മഹത്യ ചെയ്‌തത്. ബിജു മോന്‍റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
കുടിശികയായ സര്‍ക്കാര്‍ ഓണറേറിയം കിട്ടിയിട്ട് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാത്തിരുന്ന മകനായിരുന്നു അയാള്‍. പച്ചക്കറി വാങ്ങാന്‍ പോലും പണമില്ലാതെ നിസഹായാവസ്ഥയിലായിപ്പോയ കുടുംബനാഥന്‍. ബിജു മോന്‍റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ഇനി ചര്‍ച്ചകള്‍ക്കോ കൂടിയാലോചനകള്‍ക്കോ പ്രസക്തിയില്ല. പ്രേരക്‌മാരുടെ ഓണറേറിയം കുടിശിക ഉടന്‍ നല്‍കണം. ഇനിയും രക്തസാക്ഷികളെ സൃഷ്‌ടിക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കത്ത് പൂര്‍ണ രൂപത്തില്‍: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സാക്ഷരതാമിഷന്‍ പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരക് മാങ്കോട് കരിശ്ശനംകോട് ബിന്ദുമന്ദിരത്തില്‍ ബിജുമോന്‍ ആത്മഹത്യ ചെയ്‌തത് വേദനാജനകമാണ്. ആറ് മാസമായി ഓണറേറിയം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് ബിജുമോന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ പത്തനാപുരത്തെ വീട്ടിലെത്തി ബിജുമോന്‍റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ദിവസത്തേക്കുള്ള പച്ചക്കറി വാങ്ങാന്‍ പോലും കഴിയാത്തത്രയും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു മകനെന്നാണ് അമ്മ പറഞ്ഞത്. ഓണറേറിയം കിട്ടിയാലുടന്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാത്തിരുന്ന മകനാണ് ജീവനൊടുക്കിയത്.
മുടങ്ങിയ ഓണറേറിയം ആവശ്യപ്പെട്ട് സക്ഷരത പ്രേരക്‌മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 83 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരം ചെയ്‌തിട്ടും ഫലമുണ്ടായില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് ബിജുമോന്‍ സങ്കടപ്പെട്ടിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതുവരെ എട്ടു പേര്‍ ജീവനൊടുക്കിയെന്ന് സാക്ഷരത പ്രേരക് അസോസിയേഷന്‍ ആരോപിച്ചിട്ടുണ്ട്.
സാധാരണക്കാരെ അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയെന്ന ദൗത്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ചവരാണ് പ്രേരക്‌മാരെന്ന് ഓര്‍ക്കണം. കൂടുതല്‍ ആത്മഹത്യകളുണ്ടാക്കാതെ പ്രേരക്‌മാരുടെ മുടങ്ങിയ ഓണറേറിയം അടിയന്തരമായി വിതരണം ചെയ്യാനും ബിജുമോന്‍റെ കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
ALSO READ : 'സാക്ഷരത പ്രേരകിന്‍റെയും ഗൃഹനാഥന്‍റെയും ആത്മഹത്യ വേദനാജനകം': വിഡി സതീശന്‍