തിരുവനന്തപുരം : ആഭ്യന്തരകലാപം രൂക്ഷമായ കസാഖിസ്ഥാനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയ്‌ശങ്കറിന് കത്തയച്ചു.
പാചകവാതക വില ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് കസാഖിസ്ഥാനില്‍ കലാപമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. കലാപം രൂക്ഷമായതോടെ രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പടെയുള്ളവയും നിര്‍ത്തിവച്ചിരിക്കുകയാണ്.
READ MORE: അഫ്‌ഗാനിലെ 90% ആരോഗ്യ കേന്ദ്രങ്ങളും 2022ഓടെ അടച്ചുപൂട്ടുമെന്ന് റിപ്പോർട്ട്
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഇന്ത്യക്കാര്‍ കസാഖിസ്ഥാനിലുണ്ട്. ഇതില്‍ ഏറെയും മലയാളികളാണ്. ജോലി തേടിയെത്തിയവരെ കൂടാതെ നിരവധി മലയാളി വിദ്യര്‍ഥികളുമുണ്ട്. ഇന്‍റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയതോടെ ഇവര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളുമായി സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. വീടിന്‍റെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.
ഇവരുടെ സുരക്ഷ ഉറപ്പാക്കാനും നാട്ടിലെത്തിക്കാനും അടിയന്തരമായി ഇടപെടണമെന്നും ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനുകീഴില്‍ ഉടന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.