തിരുവനന്തപുരം : കർഷക സമൂഹത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ ചെയ്യുന്നത് തികഞ്ഞ അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽഡിഎഫ് പ്രകടന പത്രികയിലെ, റബ്ബറിന് 250 രൂപ താങ്ങുവില നല്‍കുമെന്ന വാഗ്‌ദാനം സർക്കാർ പാലിച്ചിട്ടില്ല. ബജറ്റില്‍ 500, 600 കോടി രൂപ വിലയിരുത്തുന്ന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 2021ല്‍ 20 കോടിയും, 2022ല്‍ 33 കോടി രൂപയും മാത്രമാണെന്നും കർഷക ദിനാശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് : നെല്ലുവിറ്റ പണത്തിനായി കർഷകർ ഇന്ന് നെട്ടോട്ടമോടുകയാണ്. 500 കോടിയിലേറെ രൂപയാണ് നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. 1100 കോടിയിലധികം രൂപ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുണ്ട്. സര്‍ക്കാരും സപ്ലൈകോയും കർഷകരെ ഒരു പോലെ കബളിപ്പിക്കുകയാണെന്നും വി.ഡി സതീശന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
നെല്ല് അളന്ന പണത്തിനായി കേരളത്തിലാകെ 71,000ത്തോളം കര്‍ഷകരാണ് രണ്ടുമാസമായി കാത്തിരിക്കുന്നത്. അരലക്ഷത്തോളം കര്‍ഷകര്‍ക്ക് പാലക്കാട് ജില്ലയില്‍ മാത്രം പണം ലഭിക്കാനുണ്ട്. അടയ്ക്ക കര്‍ഷകർക്ക് ഉത്പാദനക്കുറവാണ് പ്രശ്‌നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക ദുരിതം വിവരിച്ച് : നാളികേര സംഭരണം സർക്കാർ പേരിന് മാത്രമാണ് നടത്തുന്നത്. പച്ച തേങ്ങ സംഭരണം പേരില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങ വില കൂപ്പുകുത്തി. കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ സംഭരണ കേന്ദ്രത്തില്‍ നാളികേരം എത്തിക്കാനാകൂ എന്നത് കൊണ്ടുതന്നെ സംഭരണത്തിന്‍റെ ഗുണം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ വിഭാഗം കര്‍ഷകരും നിലവിൽ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. കൃഷി നമ്മുടെ ജീവവായുവും നാളെയിലേക്കുള്ള പ്രതീക്ഷയുമാണ്. പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ ഭരണകൂടങ്ങള്‍ തിരിച്ചറിയണമെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
പുതുപ്പള്ളിയിലെ രാഷ്‌ട്രീയം : വിവാദങ്ങളിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞദിവസം വിഡി സതീശന്‍ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ചോദ്യങ്ങൾ ചോദിക്കാൻ പറ്റാത്ത ആകാശവാണിയായെന്ന് അദ്ദേഹം പരിഹസിച്ചു. മാസപ്പടി ഉൾപ്പടെയുള്ള അഴിമതികളിൽ വാദപ്രതിവാദത്തിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഗൗരവതരമായ രാഷ്ട്രീയം ഉയര്‍ത്തി ചർച്ചാവിഷയമാക്കും. മാസപ്പടി ഉൾപ്പടെ ആറ് അഴിമതികൾ ചർച്ചയാക്കും. സമീപകാലത്ത് മാസപ്പടി വിവാദം, എഐ ക്യാമറ, കെഫോൺ ഉൾപ്പടെ നിരവധി അഴിമതി ആരോപണങ്ങളാണ് പിണറായി സർക്കാരിനെതിരെ ഉയർന്നത്. ഇവയുടെയൊക്കെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും വി.ഡി സതീശൻ പറഞ്ഞു.