തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ വാര്‍ത്താസമ്മേളനവും നിയമസഭ പ്രസംഗവും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന്‍റെ പേരില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി ഇരട്ട നീതിയും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിഡി സതീശൻ ((VD Satheesan). സിപിഎം അനുകൂല സംഘടനയുടെ ആശീർവാദത്തോടെ ജിഎസ്‌ടി ഇന്‍റലിജൻസിന്‍റെ മറവിൽ നടക്കുന്ന കൊള്ള കാണാതെയാണ് ഇത്തരം അപഹാസ്യമായ അച്ചടക്ക നടപടികളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു(VD Satheesan Against Suspension Of Government Official Sharing His Speech).
നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സഭ ടിവി സംപ്രേക്ഷണം ചെയ്‌ത പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് സസ്‌പെൻഡ് ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ ഉള്‍പ്പെട്ടെ ആറോളം പേര്‍ക്ക് നോട്ടിസ് നല്‍കി.
എത് സർവീസ് ചട്ടപ്രകാരമാണ് 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകുന്നത്. രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ കാലം മാറുമെന്ന് ഓർക്കണമെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജിഎസ്‌ടി വകുപ്പിൽ നടക്കുന്നത് ധനമന്ത്രിയെ നോക്കുകുത്തിയാക്കി ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഭരണമാണ്.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്‌ത സിപിഎം സൈബര്‍ ഗുണ്ടകളെ സംരക്ഷിക്കുന്നവരാണ് സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ളൊരു വാര്‍ത്ത പങ്കുവച്ചതിന്‍റെ പേരില്‍ പ്രതിപക്ഷ സര്‍വീസ് സംഘടന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
ഇത് തെറ്റായ കീഴ്വഴക്കം സൃഷ്‌ടിക്കുമെന്ന് ഭരണ നേതൃത്വം ഓര്‍ക്കണം. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഷറഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം എൻഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്ട്രീയ സംരക്ഷണം നൽകി എൽഡിഎഫിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത് സിപിഎമ്മാണെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകൾ ഡെമോക്ലീസിന്‍റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ജെഡിഎസിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമെന്ന് വിഡി സതീശൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.