തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിൻ്റെ (Kerala Government) ആറു മാസങ്ങൾ കൊള്ളയും അഴിമതിയും സ്വജന പക്ഷപാതവും നിറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് (Kerala Opposition Leader) വി ഡി സതീശൻ (VD Satheesan). ദിശാബോധവും കൂട്ടുത്തരവാദിത്തവും ഇല്ലാത്ത ജനവിരുദ്ധ സർക്കാരാണിത്. എന്തും ചെയ്യാമെന്ന ധാർഷ്ട്യവുമായാണ് രണ്ടാം പിണറായി സർക്കാർ ആറു മാസം പിന്നിടുന്നത്.
ജനവിധി എന്തും ചെയ്യാനുള്ള ലൈസൻസ് ആണെന്ന അഹങ്കാരത്തോടെയാണ് സർക്കാർ നിയമസഭയിലും പുറത്തും പെരുമാറുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. വൈദ്യുതി നിരക്കും ബസ് ചാർജും വർധിപ്പിക്കാനുള്ള തീരുമാനമാണ് ആറുമാസം ആഘോഷിക്കുന്ന സർക്കാർ ജനങ്ങൾക്ക് നൽകുന്ന സമ്മാനം. ഇന്ധനവില കുറയ്ക്കാതെയും വിലക്കയറ്റത്തിലൂടെ കൊള്ളയടിച്ചും സർക്കാർ ജനത്തെ പരിഹസിക്കുന്നു.
കോവിഡ് രോഗികളുടെ എണ്ണവും മരണക്കണക്കും മറച്ചുവച്ച സർക്കാരിൻ്റെ ദുരഭിമാനത്തിന് പൊതുജനം വലിയ വില കൊടുക്കേണ്ടിവന്നു. സർക്കാരിൻ്റെ അറിവോടെ മുട്ടിൽ മരംമുറി അടക്കമുള്ള വനംകൊള്ള നടന്നു. തുടർച്ചയായി അഞ്ചാം വർഷവും സംസ്ഥാനത്ത് ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടും അതിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നില്ല.
ഇടതുപക്ഷമെന്ന് മേനി നടിക്കുന്നവർ തീവ്ര വലതുപക്ഷമാണെന്ന് ആവർത്തിച്ച് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും
വിഡി സതീശൻ ആരോപിച്ചു.