തിരുവനന്തപുരം: നാല് കേസുകൾ ലോകായുക്തയുടെ പരിഗണനയിൽ വന്നപ്പോൾ മുഖ്യമന്ത്രി ഭയന്നിട്ടാണ് രഹസ്യമായി ഓർഡിനൻസ് കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തരമായി ഭേദഗതി കൊണ്ടുവരേണ്ട ഒരു സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ലായിരുന്നു. നിയമസഭ സമ്മേളനം ചേരുന്നതിനുള്ള തിയതി നിശ്ചയിക്കുന്നത് പോലും മാറ്റിവച്ചാണ് മന്ത്രിസഭ ഓർഡിനൻസ് കൊണ്ടുവന്നതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആരോപിച്ചു.
ഇത് മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ്. മുന്നണിയിലോ, മന്ത്രിസഭയിലോ, പാർട്ടിയിൽ പോലും ഇക്കാര്യം സംബന്ധിച്ച് ഒരു ചർച്ചയും നടന്നില്ല. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ ഭയക്കുന്നതെന്ന് അറിയില്ല. 2019 ല്‍ കടിക്കുന്ന കാവൽനായ എന്നാണ് മുഖ്യമന്ത്രി ലോകായുക്തയെ വിശേഷിപ്പിച്ചത്. എന്നാൽ 2022 ആയതോടെ ലോകായുക്തയുടെ പല്ലു പറിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്.
'അഴിമതി നടത്തുന്നവരെ ചേർത്ത് നിർത്താന്‍ ശ്രമം'
കെ.ടി ജലീലിനെ കൊണ്ട് ലോകായുക്തക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ദിവസങ്ങളോളം കെ.ടി ജലീൽ ഫേസ്ബുക്കിലൂടെ ലോകായുക്തയെ അപമാനിച്ചപ്പോള്‍ മുഖ്യമന്ത്രി അതിനെ നിയന്ത്രിക്കാൻ ശ്രമിച്ചില്ല. ഇത് ശരിയായ നടപടിയല്ല. ഒരു അധികാരവും പ്രസക്തിയുമില്ലാത്ത ലോകായുക്തയെ പിരിച്ചുവിടണം. അഴിമതി നടത്തുന്ന ഇഷ്‌ടക്കാരെ സംരക്ഷിക്കാനും ചേർത്ത് നിർത്താനുമാണ് സർക്കാറിന്‍റെ ശ്രമം.
മറ്റ് സംസ്ഥാനങ്ങളിൽ ഇല്ല എന്ന ന്യായമാണ് സർക്കാർ ഉയർത്തുന്നത്. അങ്ങനെയെങ്കിൽ ഭൂപരിഷ്‌കരണ നിയമവും സർക്കാർ റദ്ദാക്കാൻ തയ്യാറാകുമോ. എന്ത് അഴിമതി നടത്തിയാലും ഭയപ്പെടേണ്ട എന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വിമർശിച്ചു.
ALSO READ: വധ ഗൂഢാലോചന; ദിലീപിന്‍റെ സഹോദരൻ അനൂപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു