തിരുവനന്തപുരം : ആർ.എസ്.എസിനെ വിമർശിച്ചതിന് സി.പി.എം തന്നെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർ.എസ്.എസിനെ വിമർശിക്കുന്നതിൽ സി.പി.എമ്മിന് എന്താണ് പ്രശ്‌നമെന്നറിയില്ല. ഭരണഘടനയെ വിമർശിച്ചുള്ള സജി ചെറിയാൻ്റെ പ്രസ്‌താവന വിചാരധാരയിലുള്ള പരാമർശത്തിന് സമാനമാണ്, ഇതാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുകാരനായതിനാൽ ആർ.എസ്.എസിനെ ഇനിയും വിമർശിക്കും. ആർ.എസി.എസിൻ്റെ കൂടെ നിന്ന് സി.പി.എം തന്നെ ആക്രമിക്കുകയാണ്. ആർ.എസ്.എസിൻ്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. എന്നാല്‍ സി.പി.എം നേതാക്കൾ പങ്കെടുത്തിട്ടുണ്ട്. അതിൻ്റെ വിവരങ്ങൾ നിയമസഭയിൽ പുറത്തുവിടും. താൻ തൃശൂരിൽ പങ്കെടുത്ത പരിപാടിയെ വിമർശിച്ച എം.എ ബേബി, വി.എസ് അച്യുതാനന്ദനോട് കാര്യങ്ങൾ ചോദിക്കണം.
പഠിക്കാനാണോ പഠിപ്പിക്കാനാണോ വി.എസ് പോയതെന്ന് ചോദിക്കണം. ബേബിയ്ക്ക് പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിക്കണമെന്നുണ്ട്. എന്നാൽ, സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുകയാണ്.
സജി ചെറിയാന്‍റേത് നാവ് പിഴയെന്ന് പറഞ്ഞയാളാണ് എം.എ ബേബി. എന്നാൽ, മന്ത്രി പിന്നീട് രാജിവച്ചത് എന്തിനാണെന്ന് ബേബി വ്യക്തമാക്കണം. തന്നെക്കൊണ്ട് സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിപ്പിക്കാനാണ് ബേബി ശ്രമിക്കുന്നതെന്നും സതീശൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.