തിരുവനന്തപുരം : യു.ഡി.എഫ് തറവാട്ടിലെ കാരണവരായിരുന്നു അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൃദുഭാഷിയായിരുന്നെങ്കിലും കാര്‍ക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു അദ്ദേഹത്തിൻ്റേത്. വിയോഗം വ്യക്തിപരമായി തനിക്കുണ്ടാക്കിയ നഷ്ടം ഏറെ വലുതാണെന്നും വി.ഡി സതീശൻ പറഞ്ഞു.
കേരളീയ സമൂഹത്തിനുമുന്നില്‍ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രവര്‍ത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ ഒരു കൈയ്യൊപ്പ് തങ്ങള്‍ക്കുണ്ടായിരുന്നു. എക്കാലത്തും ഉദാത്തമായ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു. നിര്‍ണായകമായ രാഷ്ട്രീയ ഘട്ടങ്ങളില്‍ യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും കാലഘട്ടം ആവശ്യപ്പെട്ട തരത്തില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ALSO READ: 'മറഞ്ഞത് യു.ഡി.എഫിന്റെ കരുത്തുറ്റ മതേതര ശബ്ദം'; ഹൈദരലി തങ്ങളെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹം എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാസിസവും വര്‍ഗീയതയും വിഭാഗീയതയും രാജ്യത്തെ പിന്നോട്ടുവലിക്കുന്ന പരീക്ഷണഘട്ടത്തില്‍ കലര്‍പ്പില്ലാത്ത മതേതരത്വ നിലപാടുകള്‍ മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിന്റെ ഊര്‍ജസ്രോതസ്സായിരുന്നു ശിഹാബ് തങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു.