തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ നീക്കത്തിന് കൊച്ചി കോര്‍പ്പറേഷനുമായി കരാറിലേര്‍പ്പെട്ട സോണ്ട കമ്പനിയുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏഴ് ചോദ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയത്. മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങള്‍ ഇവ: 1. പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?
2. കേരളത്തിലെ വിവിധ കോര്‍പ്പറേഷനുകളില്‍ ബയോ മൈനിങ് വേസ്‌റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് കരാര്‍ ലഭിച്ചതെങ്ങനെ?
3. സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പ്പറേഷനിലും കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്‌റ്റ് ടു എനര്‍ജി കരാര്‍ അടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?
4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?
5. ബ്രഹ്മപുരത്തെ ബയോ മൈനിങിനായി കരാര്‍ കമ്പനി ഗുരുതര വീഴ്‌ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?
6. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് കൊച്ചി കോര്‍പ്പറേഷനോ സര്‍ക്കാരോ അറിഞ്ഞിരുന്നോ?
7. കരാര്‍ പ്രകാരവും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് വ്യക്തമായതിനു ശേഷവും നോട്ടീസ് നല്‍കുന്നതിനു പകരം സോണ്ടയ്ക്ക് ഏഴ് കോടിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സും പിന്നീട് നാല് കോടിയും അനുവദിച്ചത് എന്തിനായിരുന്നു? എന്നീ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
മുഖ്യമന്ത്രിക്ക് പൊള്ളിയോ: ബ്രഹ്മപുരത്ത് 32 കോടി രൂപയുടെ അഴിമതിയുമാണ് സോണ്ട കമ്പനിക്ക് കരാര്‍ കൊടുത്തതിലൂടെ ഉണ്ടായിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലൈഫ് മിഷന്‍ ബ്രഹ്മപുരം പദ്ധതികള്‍ പ്രതിപക്ഷം സഭയിലുന്നയിച്ചതാണ് മുഖ്യമന്ത്രിയെ പൊള്ളിച്ചത്. അതുകൊണ്ടാണ് അടിയന്തര പ്രമേയം അനുവദിക്കാതെ ചട്ടം 300 പ്രകാരമുള്ള പ്രസ്‌താവന നടത്തിയും പൊതുയോഗങ്ങളില്‍ പ്രസംഗിച്ചും മുഖ്യമന്ത്രി ആകാശവാണിയാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ചട്ടം 300 ല്‍ ചോദ്യം ചോദിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനില്ല. സിപിഎം യോഗത്തില്‍ പോയി എന്തു പറഞ്ഞാലും അവിടെ കേട്ടു കൊണ്ടിരിക്കുന്ന സഖാക്കള്‍ തിരിച്ചൊന്നും ചോദിക്കില്ല. എന്നാല്‍ നിയമസഭയില്‍ മറുപടി പറഞ്ഞാല്‍ പ്രതിപക്ഷം ചോദ്യങ്ങളുന്നയിക്കും. ഇതിനെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി എന്തിന് യൂണിടാക്കുമായി ബന്ധപ്പെട്ടുവെന്നും വി.ഡി സതീശന്‍ ചോദിച്ചു.
ലൈഫിലും വിമര്‍ശനം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ലൈഫ് മിഷന്‍ കോഴക്കേസില്‍ ജയിലില്‍ കിടക്കുകയാണ്. ലൈഫ് മിഷന്‍ കൈക്കൂലിക്കേസില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. നിയമസഭയില്‍ പ്രതിപക്ഷം സഭ്യത വിട്ടുവെന്ന മുഖ്യമന്ത്രിയുടെ പൊതുയോഗത്തിലെ പരാമര്‍ശം മുന്‍കാലങ് സംഭവങ്ങള്‍ മറന്നുകൊണ്ടുള്ളതാണ്.
നിയമസഭയ്ക്കകത്തു മറുപടി പറയാന്‍ അവസരമുണ്ടായിട്ടും അതിനു തയ്യാറാകാതെ മുഖ്യമന്ത്രി പൊതുയോഗത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സഭയില്‍ സഭ്യേതരമായി പെരുമാറുകയും സ്‌പീക്കറുടെ കസേര ഉള്‍പ്പെടെ തള്ളിമറിച്ചിട്ട് നിയമസഭ അലങ്കോലമാക്കാന്‍ സിപിഎം എംഎല്‍എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌ത പാര്‍ട്ടി സെക്രട്ടറിയായിരുന്നു എന്നത് അദ്ദേഹം മറന്നു പോയി എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
നിയമസഭയില്‍ പ്രതിപക്ഷം സ്‌പീക്കറുടെ ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ എത്തിയ വാച്ച് ആന്‍ഡ് വാര്‍ഡിന് ഒരു പരിക്കുമില്ലെന്ന് തെളിഞ്ഞു. അതേസമയം കെ.കെ രമയുടെ ലിഗമമെന്‍റിന് പൊട്ടലുണ്ട് എന്നതും തെളിഞ്ഞു. സച്ചിന്‍ദേവ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരാണ് കെ.കെ രമയ്ക്ക് കയ്യില്‍ പരിക്കില്ലെന്ന് വ്യാജ എക്‌സ്‌റേ ഉപയോഗിച്ച് ആരോപണം ഉന്നയിച്ചത്. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റെടുക്കുകയായിരുന്നു.
വാച്ച് ആന്‍ വാര്‍ഡിന് പരിക്കില്ലെന്നും രമയ്ക്ക് പരിക്കുണ്ടെന്ന് ഡോക്‌ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പച്ചക്കള്ളം പറയുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.