തിരുവനന്തപുരം : വഴയിലയിൽ ഒപ്പം താമസിച്ചിരുന്ന സ്‌ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ജയിലിനുള്ളിൽ ആത്‌മഹത്യ ചെയ്‌ത നിലയില്‍. ജില്ല ജയിലിലെ സെല്ലിനുള്ളിലെ ശുചി മുറിയിലാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിക്കാണ് സുഹൃത്ത് സിന്ധുവിനെ റോഡില്‍ വച്ച് രാജേഷ് വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരും നേരത്തെ വിവാഹം കഴിഞ്ഞവരാണ്. 12 വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. താനുമായുള്ള ബന്ധത്തില്‍ നിന്ന് സിന്ധു അകന്നുമാറുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് രാജേഷ് പിന്തുടര്‍ന്ന് കൊലപാതകം നടത്തിയത്. ശേഷം രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ആത്‌മഹത്യ.