തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം എസ്.ഹരീഷ് രചിച്ച മീശ എന്ന നോവലിന്. ലക്ഷം രൂപയും പ്രശസ്‌തി പത്രവും കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച വെങ്കല പ്രതിമയും അടങ്ങിയ പുരസ്‌കാരം വയലാറിന്‍റെ ചരമ ദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. വയലാര്‍ രാമ വര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനും സാറ ജോസഫ്, വി.ജെ ജയിംസ്, ഡോ.വി രാമന്‍കുട്ടി എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
മാതൃഭൂമി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കവെ ആര്‍.എസ്.എസ് ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് വാരിക പ്രസിദ്ധീകരണം പിന്‍വലിച്ചതിലൂടെ വിവാദമായ നോവലാണിത്. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള പുസ്‌തകമാണ് മീശ എന്നും നോവലിനെ കുറിച്ചുള്ള വിവാദങ്ങള്‍ നിസാരമാണെന്ന് അത് വായിക്കുമ്പോള്‍ മനസിലാകുമെന്നും ജൂറി അംഗം സാറ ജോസഫ് പറഞ്ഞു. വിവാദങ്ങള്‍ക്കപ്പുറം എഴുത്തിനുള്ള അംഗീകാരമാണിതെന്ന് ഹരീഷ് പ്രതികരിച്ചു.