തിരുവനന്തപുരം : പാമ്പുപിടിത്തത്തില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മരണം വരെ അത് തുടരുമെന്നും പാമ്പ് കടിയേറ്റ് അപകട നിലയിലായി ജീവിതത്തിലേക്ക് തിരികെയെത്തിയ വാവ സുരേഷ്. പാമ്പുപിടിത്തം കൊണ്ടുമാത്രമാണ് ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നത്. പാമ്പ് പിടിക്കുന്ന തന്‍റെ ശൈലി ശരിയല്ലെന്ന് സാമൂഹിക മാധ്യമങ്ങളിലുയരുന്ന വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വാവ സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
കൂലിപ്പണിക്കാരനായ തനിക്ക് എന്ത് സ്റ്റൈല്‍? തന്‍റെ സ്റ്റൈല്‍ ശരിയല്ലെന്ന് വിമര്‍ശിക്കുന്നവര്‍ പാമ്പ് പിടിക്കുന്നതിന്‍റെയും കടിയേല്‍ക്കുന്നതിന്‍റെയും വീഡിയോ തന്‍റെ കയ്യിലുണ്ട്. അത് ചാനലുകള്‍ ആവശ്യപ്പെട്ടാല്‍ കൈമാറാന്‍ തയാറാണെന്നും വാവ സുരേഷ് പറഞ്ഞു.
തന്‍റേത് പുനര്‍ ജന്മമാണ്. തന്‍റെ ആയുസിനുവേണ്ടി പ്രാര്‍ഥിച്ച കേരളത്തിലെയും തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. തനിക്ക് ഒരപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കഠിനമായ വേദന അനുഭവിക്കുന്ന സമയത്താണ് പാമ്പ് കടിയേല്‍ക്കുന്നത്. പാമ്പ് പിടിച്ച സമയത്ത് പരിക്കിന്‍റെ വേദന അനുഭവപ്പെട്ടതിനാല്‍ പെട്ടെന്ന് ശ്രദ്ധമാറി. അതിനാലാണ് തനിക്ക് കടിയേറ്റതെന്നും വാവ സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.