തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്‍റെ അഴിമതിയിൽ പ്രതിഷേധിച്ച് കെപിസിസി സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ജില്ലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാർച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്‌തു. സി.എ.ജി റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെയും പൊലീസ് മേധാവിക്കെതിരെയും നിരത്തിയിട്ടുള്ള അഴിമതികളെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പത്തനംതിട്ടയിൽ പത്ത് പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ഡി.സി.സി. പ്രസിഡന്‍റ് ബാബു ജോർജ്, രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ.കുര്യൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലായി മാർച്ച് ഉദ്ഘാടനം ചെയ്‌തു.
മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആലപ്പുഴയിൽ നടന്ന കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു . കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപ്പിക്കുന്നത് പോലെയാണ് തോക്ക് കാണാതായ സംഭവം തച്ചങ്കരിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും വിവാദ കമ്പനിയായ ഗാലക്സോണും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും പ്രതിഷേധ മാർച്ചിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടുക്കിയിൽ ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ മാർച്ച് നടത്തി. കെ.പി. സി. സി. ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്‌തു. അതേ സമയം ശാന്തൻപാറ ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പൊലീസ് സ്റ്റേഷന് മുൻപിലായി തടഞ്ഞു. ലോക്‌നാഥ് ബെഹ്റയും ടോമിൻ തച്ചങ്കരിയും പൊലീസ് സേനയുടെ വീര്യം കെടുത്തുകയാണെന്ന് വി കെ ശ്രീകണ്ഠൻ എം പി പാലക്കാട് നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിൽ പറഞ്ഞു.
പാലക്കാട് കോട്ടമൈതാനിയിൽ നിന്ന് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടന്നത്. പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ മുൻപിൽ പൊലീസ് മാർച്ച് തടഞ്ഞു. മാനന്തവാടിയിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്‌മി ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം. ജി. ബിജു അധ്യക്ഷനായി. കണ്ണൂർ തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. കെപിസിസി നിർവാഹക സമിതി അംഗം അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു.