തൃശൂര്‍: കൊവിഡ് പ്രതിരോധവുമായി വരന്തരപ്പിള്ളി പൊലീസ് നിർമ്മിച്ച വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. എസ്ഐ ചിത്തരഞ്ജനും സജീഷ് വേലൂപ്പാടവും ചേർന്നാണ് രചന നിർവഹിച്ചത്. രാഗേഷ് സ്വാമിനാഥനാണ് സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. ദേഷ്യപ്പെട്ടോ ഭയപ്പെടുത്തിയോ പറയുന്നതിനേക്കാൾ നർമത്തിലൂടെ കാര്യം പറഞ്ഞാൽ സാധാരണക്കാർ അനുസരിക്കാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് വരന്തരപ്പിള്ളി പൊലീസ് കൊവിഡ് ബോധവൽക്കരണ വീഡിയോ ആൽബം പുറത്തിറക്കിയത്. കൊവിഡ് 19 ഭീകരത അനുഭവിക്കാത്തതിനാൽ നമ്മുടെ നാട്ടുകാർക്ക് ഇപ്പോഴും അതിന്‍റെ ഗൗരവം ഉൾക്കൊള്ളാനായിട്ടില്ലെന്ന് ആൽബത്തിന്‍റെ സംവിധാനം നിർവഹിച്ച എസ്ഐ ഐസി ചിത്തരഞ്ജൻ പറയുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം മൂന്ന് മിനിറ്റ് പത്ത് സെക്കന്‍റ് ദൈർഘ്യമുള്ള ബോധവൽകരണ വീഡിയോ നിർമിക്കാൻ തീരുമാനിച്ചത്.
പാട്ട് തയ്യാറാക്കിയ ശേഷമാണ് രംഗങ്ങൾ ചിത്രീകരിച്ചത്. പൊലീസ് പരിശോധനയും, ചീട്ടുകളി, പലചരക്ക് കിറ്റ് വിതരണം, കുടിവെള്ള വിതരണം, പൊലീസിന്‍റെ ബോധവൽക്കരണം, മാസ്‌ക് വിതരണം എന്നിവയെല്ലാം തന്നെ യഥാർത്ഥ രംഗങ്ങളായിരുന്നുവെന്ന് ചിത്തരഞ്ജൻ പറഞ്ഞു. വകുപ്പ് അധികൃതരുടെ നിർദേശാനുസരണം സാമൂഹ്യ മാധ്യമങ്ങൾ വഴി ആൽബം പൊതുജനങ്ങളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വരന്തരപ്പിള്ളി പൊലീസ്.