തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് ഷൊര്‍ണ്ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചു. തിരൂരിലുണ്ടായിരുന്ന സ്റ്റോപ്പ് മാറ്റിയാണ് ഷൊര്‍ണ്ണൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചത്. ട്രെയിനിന്‍റെ സമയക്രമത്തിനും അന്തിമ രൂപമായിട്ടുണ്ട്.
രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് എത്തുന്ന വിധത്തിലാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ് കാസര്‍കോട് എത്താന്‍ വേണ്ട സമയം. ട്രെയിന്‍ പുറപ്പെടുന്നത് മുതല്‍ ഓരോ സ്‌റ്റോപ്പുകളില്‍ എത്തുന്ന സമയവും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് സ്‌റ്റോപ്പുകളാണ് ട്രെയിനിനുള്ളത്.
സമയക്രമം ഇങ്ങനെ: രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വന്ദേഭാരത് പുറപ്പെടും. കൊല്ലമാണ് ട്രെയിനിന്‍റെ ആദ്യ സ്‌റ്റോപ്പ്. ഇവിടെ 6.07ന് ട്രയിന്‍ എത്തും.
കോട്ടയം 7.25, എറണാകുളം ടൗണ്‍ 8.17, തൃശൂര്‍ 9.22, ഷൊര്‍ണ്ണൂര്‍ 10.02, കോഴിക്കോട് 11.03, കണ്ണൂര്‍ 12.03, കാസര്‍കോട് 1.25 എന്നിങ്ങനെയാണ് സമയക്രമം. ഉച്ചയ്ക്ക് 2.30ന് ട്രെയിനിന്‍റെ മടക്കയാത്ര തുടങ്ങും. രാത്രി 10.35ന് തിരികെയുള്ള സര്‍വീസ് തിരുവനന്തപുരത്തെത്തും.
കണ്ണൂര്‍ - 3.28, കോഴിക്കോട് - 4.28, ഷൊര്‍ണ്ണൂര്‍ - 5.28, തൃശ്ശൂര്‍ - 6.03, എറണാകുളം - 7.05, കോട്ടയം - 8, കൊല്ലം - 9.18, തിരുവനന്തപുരം - 10.35 എന്നിങ്ങനെയാണ് മടക്കയാത്രയിലെ സമയക്രമം.
വ്യാഴാഴ്‌ച സര്‍വീസില്ല: വന്ദേഭാരതിന് ഒറ്റ സര്‍വീസാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 26ന് ട്രെയിനിന്‍റെ സര്‍വ്വീസ് തുടങ്ങും. 25നാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുക. എന്നാല്‍, അന്നേ ദിവസം പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസില്ല. തൊട്ടടുത്ത ദിവസം മുതലാകും പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങുക. വ്യാഴാഴ്‌ച ദിവസം ട്രെയിന്‍ സര്‍വ്വീസുണ്ടാകില്ല.
ആദ്യം തിരൂര്‍ പിന്നീട് ഷൊര്‍ണ്ണൂര്‍: വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ വന്ന വിവരങ്ങളില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ അടക്കമായിരുന്നു എട്ട് സ്‌റ്റോപ്പുകളില്‍ ഉള്‍പെടുത്തിയത്. ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടത്തിലടക്കം തിരൂരില്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്‌തിരുന്നു. എന്നാല്‍, രണ്ടാം പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ ട്രെയിന്‍ നിര്‍ത്തിയില്ല.
ഇതിനിടയില്‍ തന്നെ പാലക്കാട് ജില്ലയില്‍ സ്‌റ്റോപ്പ് വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഷൊര്‍ണ്ണൂരില്‍ സ്‌റ്റോപ്പനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എം.പി വി കെ.ശ്രീകണ്‌ഠന്‍ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഈ സമ്മര്‍ദങ്ങളെല്ലാം കണക്കിലെടുത്താണ് അന്തിമ പട്ടികയില്‍ തിരൂര്‍ ഒഴിവാക്കിയതും ഷൊര്‍ണ്ണൂരിനെ ഉള്‍പ്പെടുത്തിയതും.
കാസര്‍കോടിന്‍റെ യാത്ര ദുരിതത്തിന് ആശ്വാസം: അതേസമയം, ഇക്കഴിഞ്ഞ 19ന് വന്ദേഭാരതിന്‍റെ രണ്ടാ ഘട്ട പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം പരീക്ഷണയോട്ടത്തില്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ് കാസര്‍കോട് എത്തിയിരുന്നു. നാട്ടുകാരും പ്രമുഖരുമടക്കം നിരവധി പേരാണ് ട്രെയിനിനെ ആഘോഷപൂര്‍വം വരവേറ്റത്. ഒന്നാം ഘട്ട പരീക്ഷണയോട്ടത്തേക്കാള്‍ സമയം മെച്ചപ്പെടുത്തിയാണ് വന്ദേഭാരത് എക്‌സ്‌പ്രസ് കാസര്‍കോട് എത്തിയത്.
നിരന്തരമുണ്ടായ പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ് വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ സര്‍വീസ് കാസര്‍കോട് വരെ നീട്ടിയത്. ഇത് യാത്ര ദുരിതത്തിന് അല്‍പം ആശ്വാസകരമാകും. മംഗളൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ പരശുറാം എക്‌സ്‌പ്രസ്, ഏറനാട് എക്‌സ്‌പ്രസ് എന്നിവയും വൈകിട്ട് തിരുവനന്തപുരം എക്‌സ്‌പ്രസ്, മാവേലി, മലബാര്‍ തുടങ്ങിയ ട്രെയിനുകളുമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.