തിരുവനന്തപുരം: ഈ കണ്ണീരിന് അക്ഷരങ്ങളോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെയും ആരാധനയുടേയും മൂല്യമുണ്ട്. ജോലി നഷ്ടപ്പെടുന്നതിന്‍റെ വേദനയല്ലിത്. കഴിഞ്ഞ ഏഴ് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. 5000 രൂപ മാത്രം മാസ ശമ്പളമുള്ളവന് ഇതൊരു ജീവിത മാർഗം മാത്രമായിരുന്നില്ല, ജീവിതം തന്നെ പുസ്തകങ്ങൾക്കായി മാറ്റിവെച്ചവർക്ക് ഇതൊരു തീരാ വേദനയാണ്. 15 വർഷമായി വഞ്ചിയൂർ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയില്‍ ജോലി ചെയ്യുന്ന പ്രസന്നകുമാറിന്‍റെ കണ്ണുനീരിന്‍റെ അർഥം മനസിലാകണമെങ്കില്‍ ഒരു നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിക്കണം. 107 വർഷത്തെ പഴക്കമുണ്ട്, കേരള തലസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകം പേറുന്ന വഞ്ചിയൂർ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയ്ക്ക്. ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ... തലസ്ഥാനത്തിന്‍റെ കലാസാഹിത്യ പ്രവർത്തനങ്ങളിലെ നിർണായക ശക്തി.... കാലത്തിന്‍റെ കുത്തൊഴുക്കില്‍ നഗരം വളർന്നു. പക്ഷേ സ്വകാര്യ ട്രസ്റ്റിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥശാല പ്രവർത്തനം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
പാൽകുളങ്ങര സ്വദേശി വായനശാല കേശവൻപിള്ള 25 പുസ്തകങ്ങളുമായി ചെറിയ വീട്ടുമുറിയില്‍ 1914 ലാണ് വഞ്ചിയൂർ ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാല ആരംഭിച്ചത്. പിന്നീട് രാജകൊട്ടാരത്തിൽ നിന്ന് അനുവദിച്ചു കിട്ടിയ 13 സെന്‍റ് സ്ഥലത്തേക്ക് മാറി. ചുരുങ്ങിയ സമയം കൊണ്ട് പുസ്തകങ്ങളുടെ എണ്ണം വർധിച്ചു. സമീപത്തെ 34 സെന്‍റ് സ്ഥലം പാട്ടത്തിനെടുത്ത് നിർമിച്ച പുതിയ മന്ദിരം 1966 ൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ നാടക പ്രസ്ഥാനത്തിന് അരങ്ങും ആരവവും ഈ വായനശാലയിൽ നിന്നായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തു നിന്നുമായി നിരവധിയാളുകളാണ് പുസ്തകങ്ങൾ തേടി ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ എത്തുന്നത്.
കവനകൗമുദി, പ്രബുദ്ധകേരളം, ആത്മപോഷിണി, കേരളോദയം തുടങ്ങിയവയുടെ ആദ്യകാല കിട്ടപ്പത്തിപ്പുകളും താളിയോല ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. രാജഭരണകാലത്തെ കൈയെഴുത്ത് പ്രതികളും അപൂർവയിനം നാണയ ശേഖരവും കാണാൻ എത്തുന്നവരും നിരവധിയാണ്. കേരള ചരിത്രവും സാഹിത്യവും സംസ്‌കാരവും അന്വേഷിക്കുന്ന ഗവേഷകർക്കും വിദ്യാർഥികൾക്കും പത്രപ്രവർത്തകർക്കും അക്ഷയഖനി കൂടിയാണ് ഈ സ്ഥാപനം. പക്ഷേ പഴയ പ്രതാപം ഇന്നില്ല. ഏത് നിമിഷവും അടച്ചുപൂട്ടുമെന്ന അവസ്ഥ. സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാൻ സ്വകാര്യ ട്രസ്റ്റ് താല്‍പര്യം കാണിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
15 മുതല്‍ 35 വർഷമായി ജോലി ചെയ്യുന്ന ഏഴ് ജീവനക്കാരാണ് ഇവിടെയുള്ളത്. 3000 മുതല്‍ 5000 വരെയാണ് ജീവനക്കാർക്ക് മാസ ശമ്പളം. ശമ്പളം കിട്ടിയില്ലെങ്കിലും ഈ പൈതൃക സ്വത്ത് വരും തലമുറയ്ക്ക് കൂടി കാത്തു വയ്ക്കണം എന്ന അപേക്ഷ മാത്രമാണ് ജീവനക്കാർക്കുള്ളത്. വായനശാല സർക്കാർ ഏറ്റെടുക്കണം എന്ന ആവശ്യവുമായി ഗ്രന്ഥശാല സംരക്ഷണ സമിതിയും രംഗത്തു വന്നിട്ടുണ്ട്.