തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ ഇറങ്ങും. മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള്‍ അത് പൂര്‍ത്തിയായിട്ടുണ്ട്. അവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയില്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡ്വെെസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും. കൊവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മര്‍ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിശോധിക്കും.
ലോക്ക്ഡൗണ്‍ കാരണം പാല്‍ കെട്ടിക്കിടക്കുകയാണ്. അത് കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാം. രോഗികള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാം. ഇക്കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ആലോചിക്കണം. ആദിവാസി മേഖലയില്‍ രോഗം പടരുന്നത് വളരെയധികം ശ്രദ്ധിക്കണം. ആദിവാസികള്‍ കൂടുതലുള്ള ജില്ലകളില്‍ ഇതില്‍ നല്ല ജാഗ്രത വേണം. തോട്ടം തൊഴിലാളികളായ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ ഇല്ലെങ്കില്‍ ഏതെങ്കിലും ലയത്തെ അതിനായി ഒരുക്കുകയും അവിടെ താമസിക്കുന്നവര്‍ക്ക് പകരം സൗകര്യം നല്‍കുകയും വേണം.
ALSO READ: ആശ്വാസ ദിനം, ഇന്ന് കേരളത്തില്‍ 21,402 കൊവിഡ് കേസുകൾ
വാക്‌സിനേഷന്‍ കഴിയാവുന്നത്ര നല്‍കണം. രോഗം പകരാതിരിക്കാനുള്ള ജാഗ്രതയും കാണിക്കണം. കൊവിഡ് രോഗബാധിതര്‍ക്ക് സഹായം ആവശ്യമാകുമ്പോള്‍ അതു നല്‍കേണ്ട ബാധ്യത നിറവേറ്റുന്നതിനു പകരം ഭയപ്പാടോടെ മാറിനില്‍ക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടം പറ്റിയ രോഗി ഗുരുതരമായ അവസ്ഥ നേരിട്ടിട്ടും ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാതിരിക്കുന്ന അവസ്ഥ മനുഷ്യത്വത്തിനു നിരക്കാത്ത കാര്യമാണ്. രോഗബാധിതനായ വ്യക്തിയെ ചികിത്സിക്കാനും പരിചരിക്കാനും അനാവശ്യമായ ഭീതി ഒഴിവാക്കാനും എല്ലാവരും തയ്യാറാകണം.
രോഗിയെ പരിചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള അവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. രോഗം പകരുമെന്ന് കരുതി കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെല്ലാം വിട്ടുനിന്നാല്‍ എന്തായിരിക്കും സംഭവിക്കും? സന്നദ്ധപ്രവര്‍ത്തകര്‍ മാറി നിന്നാല്‍ നമ്മളെന്തു ചെയ്യും? ഇങ്ങനെ ഒരുപാട് മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ നാട് സുരക്ഷിതമായി ഇരിക്കുന്നതെന്ന് ആലോചിക്കുക. രോഗികളെ ഒറ്റപ്പെടുത്തുന്ന മനുഷ്യത്വഹീനമായ കാഴ്ചപ്പാട് ഒഴിവാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു