തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിൻ നയം സംസ്ഥാനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് മൂലം സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ വാക്‌സിൻ വില കുതിച്ചുയർന്നാൽ കൊവിഡ് പ്രതിസന്ധി തീർത്ത സാമ്പത്തിക വിഷമതകളിൽ ഉഴലുന്ന സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടുതൽ വായനയ്‌ക്ക്: കൊവിഡ് വാക്സിൻ ക്ഷാമം; അഞ്ച് ജില്ലകളില്‍ മെഗാ ക്യാമ്പുകള്‍ നിര്‍ത്തി
വാക്‌സിന്‍റെ കാര്യത്തിൽ പൊതുവിപണയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുത്. വാക്‌സിൻ വിതരണത്തിന് കേന്ദ്രസർക്കാർ ചാനൽ എന്നതിനുപകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന ഗവൺമെന്‍റ് ചാനലാണ് വേണ്ടത്. സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം. കൂടാതെ ഉത്പാദനം വർധിപ്പിക്കാൻ ആവശ്യമായ നീക്കങ്ങളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: അതിതീവ്ര കൊവിഡ് വ്യാപനം, വാക്സിൻ ക്ഷാമം; കേരളം ആശങ്കയിൽ
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകരുത്. ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനപരമായ ചുമതലയാണ്. അത് നിറവേറ്റാൻ സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും ചെയ്യേണ്ടത് കേന്ദ്രത്തിന്‍റെ ചുമതലയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചുനീങ്ങണമെന്നും അദ്ദേഹം പരാമർശിച്ചു.
കൂടുതൽ വായനയ്‌ക്ക്: തലസ്ഥാനത്ത് കൊവിഡ് വാക്സിൻ ക്ഷാമം തുടരുന്നു
അതേസമയം ആവശ്യമായ വാക്‌സിൻ ലഭ്യമാകാത്തതിനാൽ കേരളം നേരിടുന്ന പ്രശ്‌നങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. 50ലക്ഷം ഡോസ് വാക്‌സിനാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. എന്നാൽ അഞ്ചര ലക്ഷം ഡോസ് മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. ബാക്കിയിള്ള വാക്‌സിൻ അടിയന്തിരമായി വിതരണം ചെയ്യണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.