തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക സംബന്ധിച്ച പരാതികൾ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തും. തെറ്റായ എന്ത് പ്രവണതകൾ ഉണ്ടെങ്കിലും കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതുവരെ നടന്നിട്ടുള്ള എല്ലാ ക്രമക്കേടുകളും പുറത്തുകൊണ്ടുവരും. ഉത്തരസൂചികയിൽ അപാകതയുണ്ടെന്നത് അധ്യാപകരുടെ അഭിപ്രായമാണ്. സർക്കാരിന് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നും അതുകൊണ്ടുതന്നെ അധ്യാപകർക്കെതിരെ എടുത്ത അച്ചടക്ക നടപടി പിൻവലിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നശേഷം ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. പുതിയ ഉത്തരസൂചിക പ്രകാരം മൂല്യനിർണയം ആരംഭിച്ചിട്ടുണ്ട്. നേരത്തേയുള്ള ഉത്തരസൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തിയ 28000 ഉത്തര പേപ്പറുകൾ സംബന്ധിച്ച തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
READ MORE: ഉത്തരസൂചിക പുതുക്കി; പ്ലസ്ടു കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയം ഇന്നുമുതല്‍