തിരുവനന്തപുരം: വിദ്യാലയങ്ങളിൽ അധ്യാപകരെ ടീച്ചർ എന്ന് മാത്രം വിളിച്ചാൽ മതിയെന്ന ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ് പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കമ്മിഷന്‍റെ ഉത്തരവ് ഏകപക്ഷീയമായി നടപ്പാക്കാൻ ആകില്ലെന്നും കേരളത്തിൽ തുടർന്നുവരുന്ന രീതി മാറ്റണമെങ്കിൽ ബന്ധപ്പെട്ട എല്ലാവരോടും ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ലിംഗ വത്യസമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എന്ന് വിളിക്കണമെന്ന ബാലവകാശ കമ്മിഷൻ ഉത്തരവിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
സർക്കാർ അറിഞ്ഞില്ല: ഇത്തരം സ്ഥാനത്ത് ഇരിക്കുന്നവർ ഉത്തരവാദിത്തത്തോടെ മാത്രമേ വിഷയങ്ങളിൽ ഇടപെടാൻ പാടുള്ളൂ എന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ബാലാവകാശ കമ്മിഷൻ അറിയിപ്പ് നൽകിയിട്ടില്ല. കമ്മിഷൻ ചെയർമാൻ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല എന്നാണ് തന്നെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു (11-1-2023) അധ്യാപകരെ ജെൻഡർ വ്യത്യാസം ഇല്ലാതെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യണമെന്ന നിർദ്ദേശം ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകിയത്.
സാർ, മാഡം തുടങ്ങിയ വാക്കുകൾ ടീച്ചർ എന്ന വാക്കിന് പകരമാവില്ല. കുട്ടികളില്‍ തുല്യത നില നിര്‍ത്താനും അധ്യാപകരോടുള്ള അടുപ്പം കൂട്ടാനും ടീച്ചര്‍ എന്ന വിളിയിലൂടെ കഴിയുമെന്നാണ് ബാലാവകാശ കമ്മിഷന്‍റെ വിലയിരുത്തല്‍. ചെയർപേഴ്‌സൺ കെവി മനോജ് കുമാർ, കമ്മിഷൻ അംഗം സിവി വിജയകുമാർ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ബാലാവകാശ കമ്മിഷൻ ആക്‌ടിലെ പതിനഞ്ചാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. നടപടി റിപ്പോർട്ട് രണ്ടുമാസത്തിനകം ലഭ്യമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.
വിമർശനങ്ങളുമായി അധ്യാപക സംഘടനകൾ: ബാലാവകാശ കമ്മിഷൻ നിർദ്ദേശത്തെ അധ്യാപക സംഘടനകൾ വിമർശിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ചർച്ച ചെയ്യേണ്ടത് എന്നാണ് കെഎസ്‌ടിഎ ഇക്കാര്യത്തോട് പ്രതികരിച്ചത്. ടീച്ചർ എന്ന് വിളിച്ചാൽ മാത്രം മതിയെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടാൽ അത് അതേപടി അംഗീകരിക്കുകയല്ല, അത് എന്ത് കൊണ്ട് പ്രായോഗികമല്ല എന്ന് വ്യക്തമാക്കി മറുപടി കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് കെപിഎസ്‌ടിഎ പറഞ്ഞു. അഭിസംബോധന ടീച്ചർ എന്ന വാക്കിൽ മാത്രം ഒതുക്കണം എന്ന് പറയുന്നത് കുട്ടികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കെഎസ്‌ടിയു പറഞ്ഞത്.