തിരുവനന്തപുരം: എല്ലാ കാര്‍ഷിക വായ്‌പകള്‍ക്കുമുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ തുടരും. റീഷെഡ്യൂള്‍ ചെയ്ത വായ്‌പകളുടെ മൊറട്ടോറിയമാണ് ഡിസംബര്‍ 31 വരെ തുടരുക. റീഷെഡ്യൂള്‍ ചെയ്യാത്ത വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായതായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് ഇക്കാര്യം നടപ്പിലാക്കുന്നത്. കാര്‍ഷിക വായ്‌പകളിന്മേലുള്ള പരാതികള്‍ പരിശോധിക്കാന്‍ സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനം ആയി. വയനാട്, ഇടുക്കി ജില്ലകളില്‍ നിലവിലുള്ളതിന് സമാനമായിട്ടായിരിക്കും സബ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജപ്തി നടപടികളെല്ലാം ഈ സബ് കമ്മിറ്റി പരിശോധിച്ച ശേഷം മാത്രമാകും മുന്നോട്ട് പോവുകയെന്നും വി എസ് സുനില്‍കുമാര്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.