തിരുവനന്തപുരം: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നു എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇഡി സർക്കാരിനെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് രാഷ്ട്രീയ പ്രചാരണം നടത്തിയവർക്കുള്ള തിരിച്ചടിയാണ് കോടതി ഉത്തരവ്. ഇരവാദം ഉയർത്തി സഹതാപം നേടാനുള്ള സിപിഎം ശ്രമം പൊളിഞ്ഞു. ഹൈക്കോടതിയുടെ ഈ വിധിയിൽ നിന്ന് മുഖ്യമന്ത്രിയും സിപിഎമ്മും പാഠം ഉൾക്കൊള്ളണമെന്നും വി മുരളീധരൻ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും അന്വേഷണവും ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു. സർക്കാരിന് കനത്ത തിരിച്ചടി നൽകുന്നതാണ് കോടതി തീരുമാനം.
ഇഡിക്കെതിരായ അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്. പ്രധാന കേസ് അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജൻസിക്കെതിരെ മറ്റൊരു ഏജൻസി കേസെടുക്കുന്നത് അസാധാരണമായ സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിനോ അതുമായി ബന്ധപ്പെട്ട പൊലീസ് വകുപ്പിനോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Also read: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി
അതേസമയം കൊവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് അറിയാത്ത ആരോഗ്യ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യത ഇല്ലെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ കൊവിഡിയറ്റ് എന്നു വിളിച്ചതിൽ ഉറച്ചു നിൽക്കുന്നു. നിരന്തരം പ്രോട്ടോക്കോൾ ലംഘിക്കുന്നയാളെ മറ്റെന്താണ് വിളിക്കേണ്ടതെന്നും മുരളീധരൻ ചോദിച്ചു.
Also read: അനധികൃത സ്വത്ത് സമ്പാദനം; കെ.എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു