തിരുവനന്തപുരം: കേരളത്തിലെ ശരിഅത്ത് നിയമം പിൻവലിച്ച് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്നായിരുന്നു ഇഎംഎസിന്‍റെ അഭിപ്രായമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇഎംഎസ് മുൻപ് പറയുന്നതെല്ലാം സിപിഎം തള്ളിപ്പറയുകയാണെന്ന് വി മുരളീധരന്‍ പറഞ്ഞു. സിനിമ നടനായ കൃഷ്‌ണ കുമാറിന്‍റെ മക്കൾ നടത്തുന്ന അഹാദിഷിക ഫൗണ്ടേഷന്‍റെ ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്‌തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎംഎസിനെ കടത്തിവെട്ടുന്ന താത്വിക ആചാര്യനായി എം വി ഗോവിന്ദൻ മാറിയെങ്കിൽ സിപിഎം ഇത് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്ന് മുരളീധന്‍ ആവശ്യപ്പെട്ടു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പാർട്ടി എവിടെ മത്സരിക്കാൻ ആവശ്യപ്പെട്ടാലും താൻ മത്സരിക്കാന്‍ ബാധ്യസ്ഥനാണ്.
സിപിഎമ്മിന്‍റെ വനിത നേതാക്കള്‍ നിലപാട് വ്യക്തമാക്കണം: മാർക്‌സിസ്‌റ്റ് പാർട്ടിയുടെയും കോൺഗ്രസിന്‍റെയുമുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മാർക്‌സിസ്‌റ്റ് പാർട്ടിയുടെ വനിത നേതാക്കൾ ഏക സിവിൽ കോഡ് പ്രകാരമുള്ള വിവാഹ മോചനം പിന്തുടർച്ചാവകാശം പിന്താങ്ങുന്ന പ്രസ്‌താവനകൾ നടത്തിയിട്ടുണ്ട്. വിവാഹ മോചനം, പിന്തുടർച്ചവകാശ വിഷയങ്ങളിൽ സിപിഎമ്മിന്‍റെ വനിത നേതാക്കൾ നിലപാട് പരസ്യമായി വ്യക്തമാക്കണം.
സിപിഎമ്മും കോൺഗ്രസും നടപ്പിലാക്കാനിരിക്കുന്ന സംവാദങ്ങളിൽ അവരുടെ വനിത നേതാക്കളെ കൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കണം. ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ അഭിപ്രായത്തിൽ നിന്നും വിരുദ്ധമായി എം വി ഗോവിന്ദൻ ഒരു അഭിപ്രായം പറയുമ്പോൾ അത് അഭിപ്രായ വ്യത്യാസമാണ്. ഇ എം എസിനെ അംഗീകരിക്കുന്ന നിരവധി പേർ ഇന്നും സിപിഎമ്മിലുണ്ട്.
സിപിഎം നിലപാട് ഗൂഗിളില്‍ ലഭ്യം: ഇല്ലെങ്കിൽ ഇ എം എസിനെ ഞങ്ങൾ അംഗീകരിക്കുന്നില്ലയെന്നും ഞങ്ങൾ എം വി ഗോവിന്ദന്‍റെ പുതിയ താത്വിക രാഷ്ട്രീയ ബോധത്തിൽ വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കണം. എം വി ഗോവിന്ദൻ ഇ എം എസിനെ ഇനിയും പഠിച്ച് മനസിലാക്കണം. ഇ എം എസ് പറഞ്ഞ മുഴുവൻ കാര്യങ്ങളും ഗൂഗിളിൽ ലഭ്യമാണ്.
പി സതീദേവിയുടെ അഭിപ്രായം സിപിഎമ്മിന്‍റെ സംവാദത്തിന് ശേഷം അവർ പറയട്ടെ. ജനാധിപത്യ മഹിളാ അസോസിയേഷൻ പിരിച്ചു വിട്ടോ എന്ന് അവർ വ്യക്തമാക്കട്ടെ. സമസ്‌തയെ ചർച്ചക്ക് വിളിക്കുന്നതിന് മുൻപ് പാർട്ടിക്കുള്ളിലെ വിഭാഗീയത അവർ ജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കട്ടെ.
കഴിഞ്ഞ കാലങ്ങളിൽ ചോദ്യങ്ങൾക്ക് അടക്കം 'ചിന്ത'യിൽ ഇ എം എസ് നൽകിയ മറുപടി അവർ വ്യക്തമാക്കണം. ഭീമൻ രഘു ആദ്യം കോൺഗ്രസിൽ പോയി. എന്‍റെ അറിവിൽ അഞ്ചാറു വർഷമായി അദ്ദേഹം ബിജെപിയിൽ ഇല്ല. ബിജെപിയിൽ നിന്നും മാറി കോൺഗ്രസിൽ പോയതായി വാർത്തയും ചിത്രവും വന്നിരുന്നു.
ഇപ്പോൾ കോൺഗ്രസിൽ നിന്നും മാറി സിപിഎമ്മിലേക്ക് പോയി. രാജ്യത്തുള്ള കലാകാരന്മാരിൽ നിരവധി പേർ ബിജെപിയിൽ ഉണ്ടെന്നും ഇവർക്കാർക്കും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീമൻ രഘു എവിടെയാണ് നില്‍ക്കുന്നതെന്ന് അയാൾക്ക് ഉറപ്പുണ്ടോ എന്ന് ചോദിക്കണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.