തിരുവനന്തപുരം : കേരളം - തമിഴ്‌നാട് മുഖ്യമന്ത്രിമാർ കണ്ണൂരിൽ കൂടിക്കാഴ്‌ച നടത്തിയിട്ട് മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാത്തതെന്തുകൊണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നരേന്ദ്രമോദിയെ ആക്രമിക്കാൻ സ്റ്റാലിനെ കൂട്ടുപിടിച്ച പിണറായി വിജയൻ അണക്കെട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ എന്തുചെയ്‌തു. സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് കണ്ണൂരിൽ മാമാങ്കം നടത്തുമ്പോൾ അറിയാനുള്ളത് മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയോട് ചർച്ച നടത്തിയോ എന്നാണെന്നും വി മുരളീധരൻ പറഞ്ഞു.
സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള കോൺഗ്രസിൻ്റെ പ്രതിനിധിയെ പിണറായി വിജയൻ തെരഞ്ഞെടുക്കുന്ന ഗതികേടിലാണ് കോൺഗ്രസ് വന്നെത്തിയിരിക്കുന്നത്. വാളയാർ കഴിഞ്ഞാൽ സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും കൈകോർത്ത് പിടിച്ചാണ് നടക്കുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകൾ നേരിട്ടറിയാൻ അഴൂർ പഞ്ചായത്തിലെ പെരുംകുഴി ഇടഞ്ഞിമൂലയിൽ 'പ്രതിരോധ യാത്ര'ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കെ റെയിലിനെ കുറിച്ചുള്ള കേന്ദ്ര സർക്കാർ നിലപാട് പാർലമെൻ്റിൽ പറഞ്ഞതിന് പുറമേ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നടക്കാത്ത ഒരു പദ്ധതിയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കാൻ പിണറായി സർക്കാർ മുതിരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.