തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ബഫർ സോൺ സംബന്ധിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ സർക്കാർ അടയിരിക്കുകയാണ്. ഈ റിപ്പോർട്ട് ജനങ്ങൾക്ക് ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
റിപ്പോർട്ട് ജനങ്ങൾക്ക് നല്‍കാത്തത് ആർക്കുവേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം. സുപ്രീംകോടതി വിധിയിൽ തുടർനടപടി സ്വീകരിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുകയാണ്. വിദഗ്‌ധ സമിതിയെവച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് നൽകിയില്ല. ഇതുതന്നെ സർക്കാരിന്‍റെ വീഴ്‌ച വ്യക്തമാക്കുന്നതാണ്.
ALSO READ| ബഫര്‍ സോണ്‍ വിഷയം : 'സമരത്തില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറണം' ; ആവശ്യവുമായി വനം മന്ത്രി
അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. ഉത്തരേന്ത്യയിലെ കർഷകന്‍റെ കണ്ണീരിന് മാത്രം സിപിഎം വില നൽകിയാൽ പോര. കേരളത്തിലെ കർഷകരുടെ കണ്ണുനീരിന് വില കൂടി നൽകണമെന്നും മുരളീധരൻ പറഞ്ഞു. ദേശീയപാത വികസനം സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. മറുപടി പറയാൻ മന്ത്രിമാർ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'അത് സിപിഎമ്മിന്‍റെ തനിനിറം വ്യക്തമാക്കുന്നത്': തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധിക്കുന്ന ബിജെപി വനിത കൗൺസിലർമാർക്ക് നേരെയുണ്ടായ കൈയേറ്റം കേരളത്തിന്‍റെ അന്തസിന് നിരക്കാത്തതാണ്. സിപിഎം കക്ഷി നേതാവായ ഡിആർ അനിൽ ജനപ്രതിനിധികളായ വനിതകൾക്ക് നേരെ അധിക്ഷേപകരമായ പരാമർശമാണ് നടത്തിയത്. അനിലിനെ സംരക്ഷിക്കുകയും പ്രതിഷേധിച്ച കൗൺസിലർമാരെ അറസ്റ്റ് ചെയ്യുകയുമാണ് പൊലീസ് ചെയ്‌തത്.
ഇത് സിപിഎമ്മിന്‍റെ തനിനിറം വ്യക്തമാക്കുന്നതാണ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന കാര്യത്തിൽ സിപിഎം നേതാക്കൾ മത്സരിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഡിആർ അനിലിനെതിരെ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.