തിരുവനന്തപുരം : രാജ്യസഭ കൈയാങ്കളിയിൽ കേരള എംപിമാരെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവൻകുട്ടി സ്കൂളിൽ പഠിച്ചവരാണ് രാജ്യസഭയിൽ അതിക്രമം നടത്തിയത്. കേരള നിയമസഭയിൽ നടന്ന കൈയാങ്കളിക്ക് സമാനമാണ് പാർലമെന്‍റിൽ നടന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Also Read: 'വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം'; രാജ്യസഭ സ്‌പീക്കര്‍ക്കു നേരെ ബുക്കെറിഞ്ഞ് പ്രതിഷേധം
പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്തസ് കളയുന്ന പ്രവർത്തനങ്ങളാണ് രാജ്യസഭയിൽ നടന്നത്. അതേസമയം, മല്ലൻമാരായ മാർഷലുമാരാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന എംപിമാരുടെ ആരോപണം മുരളീധരൻ നിഷേധിച്ചു.
ഇവർ പാർലമെന്‍ററി സെക്യൂരിറ്റി ഫോഴ്‌സിൽ ഉള്ളവർ അല്ലെന്ന് തെളിയിച്ചാൽ പറയുന്ന പണിയെടുക്കാം. പ്രതിഷേധം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചതായും മുരളീധരൻ അറിയിച്ചു.
കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും മോദി വിരുദ്ധത തുറന്നുകാട്ടുന്ന സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കേരളത്തിൽ പിണറായി നിർദേശിക്കുന്ന രീതിയിൽ പ്രതിഷേധം നടത്തുന്ന പ്രതിപക്ഷമായി കോൺഗ്രസ് മാറി.
കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം അശാസ്ത്രീയമായ ലോക്ക്‌ഡൗണും ഇളവുകളുമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.സംസ്‌ഥാന സർക്കാരിന്‍റെ ഹോം ക്വാറന്‍റൈൻ പരാജയമായിരുന്നു.
സംസ്ഥാനത്തെ ഐഎസ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭാപരാമര്‍ശത്തിനെതിരെയും വി മുരളീധരന്‍ രംഗത്തെത്തി.
എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ. മുൻ ഡിജിപി പറയുന്നതാണോ മുഖ്യമന്ത്രി പറയുന്നതാണോ ശരിയെന്ന് ജനം വിലയിരുത്തട്ടെയെന്നും മുരളീധരൻ പറഞ്ഞു.