തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മേയർ വി.കെ പ്രശാന്തിനെ സ്ഥാനാർഥിയാക്കാൻ സി പി എമ്മിൽ ധാരണ. ഇന്നു ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷം പേരും വി.കെ പ്രശാന്തിനെ പിന്തുണച്ചു. സി പി എം ജില്ലാ സെക്രട്ടേറിയറ്റിൽ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ. വിജയ രാഘവനാണ് മേയർ വി.കെ പ്രശാന്തിന്റെ പേര് നിർദേശിച്ചത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വികെ മധു, ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന ട്രഷററും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ കെ.എസ്.സുനില്‍കുമാര്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വവും വി.കെ പ്രശാന്തിനാണ് മുൻതൂക്കം നൽകിയത്. 42 ശതമാനം നായർ വോട്ടുകളുള്ള മണ്ഡലത്തിൽ സാമുദായിക പരിഗണനകൾ മാറ്റി വച്ചാണ്,വി.കെ പ്രശാന്തിനെ പരീക്ഷിക്കാൻ സി.പി.എം തീരുമാനിച്ചത്. കൂടാതെ മേയർ എന്ന നിലയിൽ ഉള്ള പൊതു സ്വീകാര്യതയും യുവാക്കൾക്കിടയിലെ സ്വാധീനവും വി.കെ പ്രശാന്തിന് അനുകൂലമായി .
വട്ടിയൂർക്കാവിൽ സാഹചര്യങ്ങൾ അനുകൂലമാണെന്ന് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് പറഞ്ഞു. നിർണായകമായ ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പാർട്ടി തന്നെ പരിഗണിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.