തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രധാനപ്രതി പി ടി പി വാർഡ് കൗൺസിലർ വി ജി ഗിരികുമാറെന്ന് റിമാൻഡ് റിപ്പോർട്ട്. ബിജെപി ജില്ല ജനറൽ സെക്രട്ടറിയാണ് വി ജി ഗിരികുമാർ. ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച് സന്ദീപാനന്ദ ഗിരി നടത്തിയ പരാമർശങ്ങളിലെ അതൃപ്‌തിയാണ് ആക്രമണത്തിന് കാരണം.
സന്ദീപാനന്ദ ഗിരിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് 2018 ഒക്‌ടോബർ 21ന് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ പ്രതികളായ നാല് പേരും പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന് ശേഷമാണ് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
സന്ദീപാനന്ദ ഗിരിയെ പാഠം പഠിപ്പിക്കണമെന്ന് വി ജി ഗിരികുമാർ പറഞ്ഞുവെന്നും ഇയാളുടെ നിർദേശത്തെ തുടർന്നാണ് ഒന്നും മൂന്നും പ്രതികളായ പ്രകാശും ശബരിയും ചേർന്ന് ആശ്രമത്തിന് തീയിട്ടതെന്നും റിപ്പോർട്ടിലുണ്ട്. 2011 മോഡൽ 220 സി സി വാഹനമാണ് ആശ്രമം കത്തിക്കാൻ എത്തിയ സംഘം ഉപയോഗിച്ചത്. ആക്രമണത്തിന് ശേഷം ബൈക്ക് പൊളിച്ച് വിറ്റു.
പൊലീസിനെ അഭിനന്ദിച്ച് ഡിവൈഎഫ്ഐ : അതേസമയം, സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവന്ന പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും ജാഗ്രതയോടെ ആര്‍എസ്എസിനെ നിരീക്ഷിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി വസീഫ് പറഞ്ഞു. ആർഎസ്എസിന്‍റെ ഉന്നതരാണ് ആക്രമണത്തിൽ അറസ്‌റ്റിൽ ആയിരിക്കുന്നത്. ബോധപൂർവമായ ആക്രമണത്തിന് ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്‌എസ് കേരളത്തെ കലാപ ഭൂമിയായി മാറ്റാൻ ശ്രമിക്കുന്നുവെന്നും അറസ്‌റ്റിന്‍റെ ഭാഗമായി ഡിവൈഎഫ്ഐ ആര്‍എസ്‌എസിനെതിരെ നാളെയും മറ്റന്നാളുമായി ജില്ല ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആർഎസ്എസിന്‍റെ ജില്ല നേതാവ് അറസ്‌റ്റ് ചെയ്യപ്പെട്ടപ്പോഴും മാധ്യമങ്ങൾ വേണ്ട രീതിയിൽ ഇത് കൈകാര്യം ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ മൂന്നാം പ്രതിയായ ശബരിയെ സ്ഥലത്ത് കണ്ട സാക്ഷികളുമുണ്ട്. സാക്ഷികളെ പ്രതികൾ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്നുമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതി പ്രകാശ് 2022 ജനുവരിയിൽ ആത്മഹത്യ ചെയ്‌തിരുന്നു.
പ്രശാന്തിന്‍റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി : ഇതിന് പിറകെ പ്രകാശിന്‍റെ സഹോദരൻ പ്രശാന്ത് കേസില്‍ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആശ്രമം കത്തിച്ചെന്ന് ആത്മഹത്യയ്‌ക്ക് മുമ്പ് പ്രകാശ് തന്നോട് പറഞ്ഞെന്നായിരുന്നു പ്രശാന്തിന്‍റെ വെളിപ്പെടുത്തല്‍. ഇയാൾ പിന്നീട് മൊഴി മാറ്റി പറഞ്ഞിരുന്നുവെങ്കിലും ആദ്യ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ബിജെപിയുടെ കൗൺസിലർ ഉൾപ്പടെയുള്ളവര്‍ അറസ്‌റ്റിലാകുന്നത്.
2018 ഒക്‌ടോബർ 27നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ കുണ്ടമൺ കടവിലെ ആശ്രമം കത്തിച്ചത്. സംഭവത്തിൽ തെളിവുകൾ ഇല്ലാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെയാണ് ഒന്നാം പ്രതി പ്രകാശിന്‍റെ ആത്മഹത്യയും സഹോദരൻ പ്രശാന്തിന്‍റെ വെളിപ്പെടുത്തലുമുണ്ടായത്.