തിരുവനന്തപുരം: കനത്ത സുരക്ഷയിലെ യാത്രയിലും നികുതി വര്‍ധനവിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ ചാണ്ടിക്കു നേരെ കല്ലെറിഞ്ഞ പോലെ പ്രതിപക്ഷം ഒരു കല്ല് പോലും മുഖ്യമന്ത്രിക്ക് നേരെയെറിഞ്ഞിട്ടില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധം മാത്രം നടത്തിയാലും മുഖ്യമന്ത്രി സഞ്ചരിക്കുന്നത് കനത്ത സുരക്ഷയിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫിന്‍റെ രാപ്പകല്‍ സമരത്തിന്‍റെ സമാപനം സെക്രട്ടേറിയറ്റ് നടയില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം.
'ഇത്രയും ഭയമുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണം. ക്ലിഫ് ഹൗസില്‍ തന്നെയിരുന്ന് ഫയലുകള്‍ എത്തിച്ച് നോക്കണം. അല്ലാതെ ജനങ്ങളെ ബന്ധിയാക്കി യാത്ര ചെയ്യരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളെ തടവിലാക്കുന്നു: 'മുഖ്യമന്ത്രി പോകുന്ന വഴി മുഴുവന്‍ വിജനമായിരിക്കണമെന്ന സ്ഥിതിയാണ്. ഇതിനായി ജനങ്ങളെ തടവിലാക്കുകാണ്. ഇതൊന്നും കേരളത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും' സതീശന്‍ പറഞ്ഞു. കനത്ത സുരക്ഷയില്‍ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ വെളുപ്പ് കണ്ടാലും പേടിയാണെന്ന് സതീശന്‍ പരിഹസിച്ചു. നേരത്തെ കറുപ്പ് കണ്ടാല്‍ മാത്രമായിരുന്നു ഭയം.
മുഖ്യമന്ത്രി പോകുന്നിടത്തൊന്നും കറുത്ത ചുരിദാര്‍ പാടില്ല, കറുത്ത മാസ്‌ക് പാടില്ല, ഇപ്പോള്‍ കാക്ക പോലും പേടിച്ച് പറന്നുപോവുകയാണ്. ഇതേ അവസ്ഥയാണ് ഇപ്പോള്‍ വെളുപ്പ് നിറത്തിനും. മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്‌റ്റോപ്പില്‍ പോലും വെള്ള വസ്‌ത്രം ധരിച്ച് നില്‍ക്കാന്‍ കഴിയില്ല. വെളുത്ത വസ്‌ത്രം ധരിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മുഖ്യമന്ത്രി അതു വഴി വരുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്നും സതീശന്‍ പരിഹസിച്ചു.
ഇത് ജനാധിപത്യ കേരളമെന്ന് സതീശന്‍: ഖദര്‍ കണ്ടാല്‍ ഇപ്പോള്‍ ഹാലിളകുന്ന അവസ്ഥയാണ്. ഖദര്‍ ധരിച്ചവരെയെല്ലാം കരുതല്‍ തടങ്ങളിലാക്കുകയാണ്. ഇത് സ്‌റ്റാലിന്‍റെ റഷ്യയല്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ജനാധിപത്യ കേരളമാണെന്ന് മറന്നുള്ള അരാജകത്വ പ്രവര്‍ത്തനം പൊതുജനം അംഗീകരിക്കുകയില്ല.
പൊലീസിന് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ്. ഇത് അനാവശ്യമാണ്. എല്ലാക്കാലവും പിണറായി വിജയനാകും മുഖ്യമന്ത്രിയെന്ന് പൊലീസ് കരുതരുത്. ഇനി മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും വനിത പ്രവര്‍ത്തകരുടെ ശരീരത്തില്‍ കൈവച്ചാല്‍ അതില്‍ പ്രതികരിക്കും.
'സഹോദരിമാരുടെ ദേഹത്ത് തൊട്ടാല്‍ ആങ്ങളമാരെ പോലെ പ്രതികരിക്കും. എല്ലാകാലവും സമധാനപരമായാകും പ്രതികരണമെന്ന് കരുതേണ്ട. ഇനി ഉദ്യോഗസ്ഥര്‍ സ്‌ത്രീകള്‍ക്ക് നേരെ കൈവച്ചാല്‍ കോണ്‍ഗ്രസിന്‍റെ സമര രീതി മാറുമെന്നും എറണാകുളത്ത് പെണ്‍കുട്ടിയെ സിഐ അധിക്ഷേപിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം, നികുതി വര്‍ധനവുകള്‍ പിന്‍വലിക്കുന്നതുവരെ പ്രതിപക്ഷം പ്രതിഷേധിക്കുമെന്ന് വി ഡി സതീശന്‍ അറിയിച്ചു. ഒരു കൈകൊണ്ട് നല്‍കുകയും മറുകൈകൊണ്ട് പിടിച്ചു പറിക്കുകയും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ നല്‍കുകയും അതിലും ഇരട്ടി ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് പിടിച്ചു പറിക്കുകയാണെന്നും പ്രതിപക്ഷം ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സതീശന്‍ അറിയിച്ചു.