തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്വേഷണം വേണ്ടെന്നാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിബിഐ അന്വേഷണത്തിലും വിശ്വാസമില്ല. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുതീര്‍പ്പ് പാലമാണ് ഇ.ഡി.
അതുകൊണ്ടാണ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ ഇ.ഡി എന്ത് അന്വേഷണമാണ് നടത്തിയതെന്നും വി.ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ രജിസ്റ്റര്‍ ചെയ്‌ത കേസ് നിലനിൽക്കില്ലെന്ന മുൻ നിയമ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്‍റെ പ്രസ്‌താവനക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.
എ.കെ ബാലൻ എന്ന് മുതലാണ് ജഡ്‌ജി ആയതെന്ന് അറിയില്ലെന്ന് സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്‌തതിനേക്കാൾ വലിയ കുറ്റമാണ് ഇ.പി ജയരാജൻ ചെയ്‌തിരിക്കുന്നത്. ഇൻഡിഗോ ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് ഇ.പി ചെയ്‌തത് ഗുരുതരമായ കുറ്റമാണ് എന്നാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ, ശമ്പളം കൊടുക്കാൻ പറ്റാത്ത നിലയിലേക്ക് കേരളം കൂപ്പുകുത്തുകയാണെന്നും, 3,24,855.06 കോടിയാണ് സംസ്ഥാനത്തിന്‍റെ ആകെ കടം. ഇത്തരത്തില്‍ കടമെടുപ്പ് തുടര്‍ന്നാല്‍ കടം കുമിഞ്ഞു കൂടുമെന്നും സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ വി.ഡി സതീശന്‍ പ്രതികരിച്ചു.