തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനങ്ങൾ നൽകിയ മറുപടിയാണ് യുഡിഎഫിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടത്തിൽ പ്രസ്‌താവനയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
28 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ കുതിപ്പാണ് നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളില്‍ ആറ് വാർഡുകളിലായിരുന്നു മുൻപ് യുഡിഎഫ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ യുഡിഎഫ് 11 സീറ്റുകൾ നേടി.
ഇതു തിളങ്ങുന്ന വിജയമാണ്. ആറ് സീറ്റുകളാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തത്. തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല. സർക്കാർ ഇനിയെങ്കിലും ഇത് തിരിച്ചറിയണം.
ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം നികുതികൊള്ള ഉൾപ്പെടെയുള്ള സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള പ്രതിപക്ഷത്തിന്‍റെ സമരത്തിന് ജനങ്ങൾ നൽകിയ അംഗീകാരമായാണ് കാണുന്നത്. കഴിഞ്ഞ തവണ നടന്ന മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിന്‍റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായ വിജയം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയക്കൊടി പാറിക്കും. ഇപ്പോൾ യുഡിഎഫിന് നൽകിയ വിജയത്തിൽ ജനാധിപത്യ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പിന്‍റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച യുഡിഎഫ്-കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിക്കുന്നു. നമുക്ക് ഇനിയും ഏറെ ദൂരം മുന്നേറാനുണ്ട്. കോട്ടകള്‍ എല്ലാം നമ്മൾ ഒന്നായി പൊളിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു