തിരുവനന്തപുരം: മത്സ്യതൊഴിലാളികൾക്ക് അനുകൂലമായ സംസ്ഥാന സർക്കാറിൻ്റെ സമീപനത്തെ മുതലാക്കാൻ വിഴിഞ്ഞം സമര സമിതി ശ്രമിക്കരുതെന്ന് മന്ത്രി വി അബ്‌ദുറഹ്മാൻ. സമരം ഇനിയും എന്തിനാണ് തുടരുന്നതെന്ന് ലത്തീൻ സഭയും സമര സമിതിയും വ്യക്തമാക്കണമെന്നും അബ്‌ദുറഹ്മാൻ ആവശ്യപ്പെട്ടു.
സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറെണ്ണം പൂർണമായും സർക്കാർ അംഗീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. തീരശോഷണം പഠിക്കാൻ സമിതിയെന്ന ആവശ്യവും നടപ്പിലാക്കി. തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യം മാത്രമാണ് സർക്കാർ അംഗീകരിക്കാതിരുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. കോടികൾ മുടക്കിയുള്ള വികസന പ്രവർത്തനം നിർത്തിവെയ്ക്കാൻ ആകില്ല. വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് സർവകലാശാല പുറത്താക്കിയ ഹൈക്കോടതി വിധിയിൽ പുനഃപരിശോധന ഹർജ്ജി നൽകുന്നതടക്കമുള്ള എല്ലാ നടപടികളും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.