തിരുവനന്തപുരം: ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണ പുലരിയിലേക്ക് ഒരു ദിവസം മാത്രം. ഓണവട്ടമൊരുക്കലിന്‍റെ അവസാന ഘട്ട തയ്യാറെടുപ്പുകൾക്കായി നാടും നഗരവും ഇന്ന് ഉത്രാട തിരക്കുകളിലാണ്. കൊവിഡ് വ്യാപന ആശങ്കകൾക്കിടയിലും മലയാളികൾ ശനിയാഴ്‌ച സമൃദ്ധിയോടെ ഓണമുണ്ണും.
പച്ചക്കറി, പലവ്യഞ്ജന കടകൾ, വസ്ത്ര ശാലകൾ ഉൾപ്പെടെയുള്ള കടകളിൽ വലിയ തിരക്കാണ് ഉത്രാടദിവസം അനുഭവപ്പെടുന്നത്. മികച്ച കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. തെരുവോര കച്ചവട കേന്ദ്രങ്ങളിലും ജനങ്ങൾ സജീവമായി. തലസ്ഥാനത്തെ ചാലയും പാളയവും ഉൾപ്പെടെ ചെറുതും വലുതുമായ കച്ചവട കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതൽ സാധനങ്ങൾ വാങ്ങാൻ തിരക്കാണ്. വീട്ടുമുറ്റങ്ങളിൽ പൂക്കളമൊരുക്കുന്നതിന് വേണ്ടുന്ന പൂക്കളും കടകളിൽ സജീവമാണ്.
ALSO READ: കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞ ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം
കൊവിഡ് മഹാമാരി പിടിമുറുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഓണമാണിത്. നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നീണ്ട ഇടവേളകൾക്ക് ശേഷം ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ഓണത്തിന് കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുള്ള യാത്രകൾക്കും അവസരമുണ്ട്.
എല്ലായിടത്തും പൊലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിരീക്ഷണം ഉണ്ടാകും. തിങ്കളാഴ്‌ച വരെ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾക്കും അവധിയാണ്.