തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനൊപ്പം മറ്റ് പകര്‍ച്ച വ്യാധികളുടെയും വ്യാപനം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ്. നിലവില്‍ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളിലാണ്. അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉന്നതല യോഗം നിര്‍ദേശം നല്‍കി.
ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് നിലവില്‍ പടരുന്നത്. തീവ്രവ്യാപന ശേഷിയുള്ളതിനാല്‍ മാസ്‌ക് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണം. കൂടാതെ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കാനും ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡിനൊപ്പം സംസ്ഥാനത്ത് പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ചവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അതിനാല്‍ ലക്ഷണമുളളവരെ മുഴുവന്‍ പരിശോധിക്കാനാണ് നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജില്ലകള്‍ ജാഗ്രത തുടരണം. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പനിയുമായി വരുന്നവര്‍ക്ക് എന്തുതരം പനിയാണെന്ന് പരിശോധിക്കണമെന്നും പരിശോധന വൈകിക്കരുതെന്നും ഉന്നതതല യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് 6 ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് പരിശോധന സംവിധാനമുള്ളത്. പത്തനംതിട്ട, എറണാകുളം പബ്ലിക് ഹെല്‍ത്ത് ലാബുകളില്‍ ഒരാഴ്ചയ്ക്കകം ഈ സംവിധാനം സജ്ജമാക്കുന്നതാണ്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്തുതന്നെ ഈ സംവിധാനം സജ്ജമാക്കും. എലിപ്പനി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വളരെ വേഗം രോഗനിര്‍ണയം നടത്താനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. നിലവില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പബ്ലിക് ഹെല്‍ത്ത് ലാബുകളിലും എലിപ്പനി രോഗനിര്‍ണയത്തിനുള്ള ഐജിഎം എലൈസ പരിശോധന നടത്തുന്നുണ്ട്.
ഒരാളുടെ ശരീരത്തില്‍ വൈറസ് കടന്ന ശേഷം ഏഴ് ദിവസം കഴിഞ്ഞാല്‍ മാത്രമേ ഈ പരിശോധനയിലൂടെ എലിപ്പനിയാണെന്ന് കണ്ടെത്താന്‍ സാധിക്കൂ. അതേസമയം ലെപ്റ്റോസ്പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ വൈറസ് ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കില്‍ കണ്ടെത്താനാകും. ഇന്ന് ചെളള് പനി മൂലം മരണം റിപ്പോര്‍ട്ട് ചെയ്‌ത വര്‍ക്കലയില്‍ പ്രത്യേക സംഘം അടിയന്തരമായി സന്ദര്‍ശനം നടത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. പ്രദേശത്ത് പ്രതിരോധം ശക്തമാക്കാനാണ് നിര്‍ദേശം.
Also Read സംസ്ഥാനത്ത് ചെള്ള് പനി, ഒരു മരണം സ്ഥിരീകരിച്ചു: രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം, എങ്ങനെ പ്രതിരോധിക്കാം?