തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ വലച്ച വിവരശേഖരണം ഒടുവിൽ പൂർത്തിയായി (Uploading Students Data Collection Completed). പിന്നാലെ ഓണക്കാലത്ത് അധ്യാപകരെ വലച്ചതിന് സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളും നിറഞ്ഞു. സംസ്ഥാനത്തെ 2022- 23 അക്കാദമിക വർഷത്തെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ കേന്ദ്രസർക്കാർ പോർട്ടലായ യുഡയസിൽ ചേർക്കുന്ന പ്രവൃത്തിയാണ് അധ്യാപകരെ ഓണവധി കാലത്ത് വലച്ചത്.
ഓരോ വിദ്യാർഥിയുടെയും 54 വിവരങ്ങളാണ് ചേർക്കേണ്ടത്. വിവരങ്ങൾ ചേർക്കുമ്പോൾ രക്ഷിതാക്കളുടെ പേരും ഫോൺ നമ്പറും നൽകേണ്ടതില്ലെന്നാണ് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ നിർദേശിച്ചത്. എന്നാൽ ഈ വിവരങ്ങൾ നൽകാതെ പോർട്ടലിൽ ഡാറ്റ സേവ് ചെയ്യാൻ ആകില്ല. ഡാറ്റ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നുള്ള വിദ്യാഭ്യാസ ഫണ്ട് മുടങ്ങും എന്ന സാഹചര്യമായതോടെ കേരളം നിലപാടിൽ നിന്ന് പിന്മാറുകയായിരുന്നു.
ഡാറ്റാ ഫോമിൽ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളങ്ങൾക്ക് പുറമെയാണ് രക്ഷിതാവിന്‍റെ പേര് എന്ന പ്രത്യേക കോളമുള്ളത്. മറ്റു വിവരങ്ങൾ സംസ്ഥാനത്തിന്‍റെ സമ്പൂർണ്ണ പോർട്ടലിൽ നിന്ന് മാറ്റാൻ സൗകര്യം ഉണ്ട്. എന്നാൽ രക്ഷിതാവിന്‍റെ പേര് വിവരങ്ങൾ പ്രത്യേകമായി ഉൾപെടുത്തണം. രക്ഷിതാവിന്‍റെ ഫോൺ നമ്പറും ഇമെയിലും വിവര ശേഖരണത്തിൽ ചോദിക്കുന്നുണ്ട്.
അധ്യാപകർക്ക് പോർട്ടൽ ഇന്ത്യ ലോഗിൻ പാസ്സ്‌വേർഡ് വൈകിയാണ് ലഭിച്ചത്. പോർട്ടൽ സെപ്റ്റംബർ മൂന്ന് ഓടുകൂടി ക്ലോസ് ചെയ്യുമെന്നും നിർദേശം വന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടായിരുന്നു. എങ്കിലും അനുകൂല തീരുമാനം വന്നിട്ടുണ്ടായിരുന്നില്ല. ഇതാണ് അധ്യാപകരെ വലച്ചത്.
ഇതിനിടെ സെർവർ പ്രശ്‌നങ്ങൾ ഉണ്ടായതും ബുദ്ധിമുട്ടുണ്ടാക്കി. നിലവിൽ ഏകദേശം എല്ലാ വിദ്യാർഥികളുടെയും വ്യക്തിഗത വിവരങ്ങൾ ലഭിച്ചെന്നും ഇനി ക്രോസ് ചെക്കിങ് മാത്രമേ ബാക്കിയുള്ളു എന്നും വിവരശേഖരണത്തിന്‍റെ ഏജൻസിയായി പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷ കേരളം അധികാരികൾ ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിന്‍റെ അഭ്യർഥന പ്രകാരം സമയം കേന്ദ്രവും ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
also read:ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 25 മുതൽ
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് സപ്ലിമെന്‍ററി: സംസ്ഥാനത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ് സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 25ന് നടക്കും (The State First Year Higher Secondary Improvement Supplementary Examination will be held on September 25). സെപ്റ്റംബർ 30 വരെയാണ് പരീക്ഷ ഉണ്ടാവുക. ഈ മാസം 18 നകം പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്‌കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പരീക്ഷ ടൈംടേബിൾ ഹയർ സെക്കൻഡറി വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്.
ആദ്യ ദിനം രാവിലെ സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്‌റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്, എന്നീ വിഷയങ്ങളും ഉച്ചയ്ക്ക് ശേഷം കെമിസ്ട്രി, ഹിസ്‌റ്ററി, ഇസ്ലാമിക് ഹിസ്‌റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്‌റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, ആർട്‌സ് മെയിൻ എന്നിവയുമാണ് ഉണ്ടാവുക.